
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടത്തിൽ സംസ്ഥാനത്ത് പരിശോധനകൾ കുത്തനെ കുറഞ്ഞത് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങള പിന്നോട്ടടിക്കുന്നു. ഓണക്കാലത്തിന് ശേഷവും തുടർന്നുള്ള ലോക് ഡൗൺ ഇളവുകളും നൽകുമ്പോൾ മറുവശത്ത് പരിശോധനകളും അത്രമേൽ ഉയരണം. എന്നാൽ സംസ്ഥാനത്ത് അതുണ്ടായില്ല. അതേസമയം രോഗമുക്തരെ കണ്ടെത്താൻ പരിശോധന വേണ്ടെന്ന കേന്ദ്രമാർഗനിർദ്ദേശം നിലനിൽക്കെ തുടർപരിശോധന നടക്കുന്നുണ്ട്. അശാസ്ത്രീയമായ ഇത്തരം നടപടികൾ പാളിച്ചകളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്രേ കേന്ദ്രത്തിൽ നിന്നുള്ള വിമർശനം.
പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നതിന് പകരം പരിശോധന ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. പതിനൊന്ന് ദിവസത്തിനിടെ 15,412 സാമ്പിളുകൾ കുറഞ്ഞു. ഇന്നലെ 58,404 സാമ്പിളുകളുടെ ഫലമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഏഴിനാണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്. 73,816 സാമ്പികളുകളിൽ നിന്ന് 10,606 രോഗികളെ കണ്ടെത്തി. ഉയർന്ന പരിശോധനാ നിരക്കും രോഗബാധിതരുടെ എണ്ണവും മികച്ച പ്രതിരോധത്തിന്റെ സൂചനയാണെന്ന് വിലയിരുത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കുറഞ്ഞു. പുതിയ രോഗികളെ കണ്ടെത്തുന്നതിന് പകരം രോഗമുക്തരെ കണ്ടെത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്.