നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം സ്ഥാപിക്കുക എന്ന നാട്ടുകാരുടെ പൊതുവായ ആവശ്യം ഇനിയും നടക്കാത്ത സ്വപ്നമായി ശേഷിക്കുന്നു. രണ്ട് ദശാബ്ദമായി നെയ്യാറ്റിൻകര നഗരസഭയിൽ അധികാരത്തിലേറുന്ന ഭരണസമിതികളുടെ തിരഞ്ഞെടുപ്പുകാലത്തെ പ്രധാന പ്രചാരണമാണ് നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം സ്ഥാപിക്കുമെന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സ്ഥലം കണ്ടെത്താനാകാത്തതിനാലാണ് ശ്മശാനം നിർമ്മിക്കുന്നത് പ്രതിസന്ധിയിലായിരിക്കുന്നത്. സമുദായപരമായും മറ്റും നെയ്യാറ്റിൻകരയിൽ ശ്മശാനം ഉണ്ടെങ്കിലും പൊതുവായ ഒന്ന് ഇല്ലാത്തത് നിർദ്ധനരായ സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവിൽ നഗരസഭ വാർഡുകളിലുള്ളവരിൽ ഭൂരിഭാഗവും സ്ഥല പരിമിതിയുള്ളവരും തൈക്കാട് ശാന്തികവാടത്തെയാണ് ആശ്രയിക്കുന്നത്. നഗരസഭക്ക് പുറത്ത് പല പഞ്ചായത്തുകളിലും പൊതുശ്‌മശാനം എന്നത് സാദ്ധ്യമായിരിക്കെ 44 വാർഡുകളുള്ളതും വിഭവശേഷിയുള്ളതുള്ളതുമായ നെയ്യാറ്റിൻകര നഗരസഭയിൽ മാത്രം പൊതുശ്‌മശാനം സ്ഥാപിക്കാത്തത് സാധാരണ ജനങ്ങളോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ഭരണസമിതി ശ്‌മശാനം സ്ഥാപിക്കുന്നതിനായി ഓരോവാർഷിക ബഡ്ജറ്റുകളിലും പൊതുശ്‌മശാനം പ്രധാന അജണ്ടയായി ചർച്ച ചെയ്യപ്പെട്ടെങ്കിലും പാഴ്വാക്കുകളായി മാറുകയായിരുന്നു.

 സ്ഥലമില്ലാത്തതാണ് പ്രശ്നം

നഗരസഭയുടെ വാർഡുകളിൽ ജനവാസം കുറഞ്ഞതും ശ്മാശനത്തിന് അനുയോജ്യവുമായ പല സ്ഥലങ്ങളും ഒഴിഞ്ഞ് കിടപ്പുണ്ടെങ്കിലും അവ കണ്ടെത്തി പദ്ധതി നടപ്പിലാക്കാൻ ബന്ധെപ്പെട്ടവർ തയ്യാറാകുന്നില്ല. അല്ലെങ്കിൽ പ്രദേശ വാസികളോടൊപ്പം വാർഡ് കൗൺസിലർമാരും എതിർപ്പുമായി എത്തുന്നതോടെ പദ്ധതി നടക്കാതെ വരികയാണ് പതിവ്. വഴുതൂരിൽ നേരത്തെ കണ്ടെത്തിയ സ്ഥലത്തിന് സമീപം സ്വകാര്യ ഓഡിറ്റോറിയം സ്ഥാപിച്ചതും തുടർന്ന് ജനവാസ കേന്ദ്രമായതും നാട്ടുകാരുടെ എതിർപ്പിന് കാരണമായി. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി നെയ്യാറ്റിൻകര ഗ്രാമം ടൈൽ ഫാക്ടറിക്ക് സമീപമുള്ള നഗരസഭയുടെ സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി പദ്ധതി രേഖകൾ തയ്യാറാക്കി എങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെ വസ്തുവിന്റെ ഉടമസ്ഥതാവകാശവുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായത് കാരണം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ പോയി.