saraswathy

തിരുവനന്തപുരം: കൊവിഡായതിനാൽ നവരാത്രി ആഘോഷങ്ങൾ പരിമിതപ്പെടുത്തി നഗരത്തിലെ ക്ഷേത്രങ്ങൾ. പ്രത്യേക പൂജകൾ ആരംഭിച്ചെങ്കിലും കലാപരിപാടികൾ അടക്കമുള്ള ആഘോഷങ്ങൾ ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയശേഷമാണ് വിദ്യാരംഭചടങ്ങ്. ആഘോഷങ്ങളിൽ ഒരേസമയം 40 പേരിൽ കൂടുതലാളുകൾ പങ്കെടുക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വിദ്യാരംഭചടങ്ങിൽ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വ‍ർണമുൾപ്പടെയുള്ളവ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭം കുറിക്കാൻ ഗുരുക്കന്മാരുണ്ടാവില്ല. രക്ഷിതാക്കൾക്കുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം എഴുതിക്കാം.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജ ആരംഭിച്ചു. കലാപരിപാടികളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി അഞ്ച് പേരെ വീതമാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. വിദ്യാരംഭ ചടങ്ങുകൾ നടത്തുമെങ്കിലും ,എങ്ങനെ നടത്തുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭചടങ്ങുകൾ ഉണ്ടായിരിക്കില്ല. നവരാത്രി മണ്ഡപത്തിൽ നിയന്ത്രണങ്ങളോടെ നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ 50 പേർക്കാണ് അവസരമുണ്ടാവുക. രാവിലെ 8.30 മുതൽ 10.30 വരെ നടക്കുന്ന ചടങ്ങിൽ ആവശ്യമായ സാധനങ്ങളെല്ലാം കൊണ്ടുവന്ന് രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്നുനൽകാം.

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭത്തിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 26ന് രാവിലെ 5.30 മുതൽ 12 വരെ എഴുത്തിനിരുത്താൻ അവസരമുണ്ടാകും. രക്ഷിതാക്കളാണ് എഴുതിക്കേണ്ടത്. അരിയും തട്ടവും കൊണ്ടുവരണം. ബുക്കിംഗ് സമയത്ത് നൽകുന്ന സമയത്താവണം മണ്ഡപത്തിലെത്തേണ്ടത്.

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ 26ന് രാവിലെ ഏഴ് മുതൽ കുട്ടികളെ എഴുത്തിനിരുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. കുട്ടികൾക്ക് പോറ്റിയുടെ നി‌ർദേശപ്രകാരം രക്ഷിതാക്കൾ തന്നെ വിദ്യാരംഭം കുറിക്കും.

ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8.30 മുതൽ വിദ്യാരംഭചടങ്ങുകൾ ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മേൽശാന്തി രക്ഷിതാക്കൾക്ക് നിർദേശം നൽകും.