
തിരുവനന്തപുരം: കേരള കോൺഗ്രസ്-ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടുപോയ സാഹചര്യത്തിൽ, പി.ജെ. ജോസഫ് വിഭാഗത്തിന് കൂടുതൽ പ്രാതിനിദ്ധ്യം നൽകി യു.ഡി.എഫ് ജില്ലാ സമിതികൾ പുനഃസംഘടിപ്പിച്ചു.
കോട്ടയത്ത് ജില്ലാ ചെയർമാനായി പി.ജെ. ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് ജോസഫ് എം.എൽ.എയെ നിയമിച്ചു. ജോസ് വിഭാഗത്തിലെ സണ്ണി തെക്കേടമായിരുന്നു നേരത്തേ ചെയർമാൻ. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മുന്നണി കൺവീനർമാരും ജോസഫ് പക്ഷക്കാരാണ് .
ജൂവലറി തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് പകരം മുൻമന്ത്രി സി.ടി. അഹമ്മദലിയെ കാസർകോട്ട് ചെയർമാനാക്കി.
മറ്റ് ജില്ലകളിലെ ചെയർമാൻമാരും
കൺവീനർമാരും:
തിരുവനന്തപുരം- പി.കെ. വേണുഗോപാൽ , ബീമാപള്ളി റഷീദ്
കൊല്ലം- കെ.സി. രാജൻ , രാജേന്ദ്രപ്രസാദ്
ആലപ്പുഴ- ഷാജി മോഹൻ,. കൺവീനർ പിന്നീട്.
പത്തനംതിട്ട- എ. ഷംസുദ്ദീൻ , വിക്ടർ ടി.തോമസ് .
കോട്ടയം- മോൻസ് ജോസഫ് , ജോസി സെബാസ്റ്റ്യൻ .
ഇടുക്കി- എസ്. അശോകൻ), എൻ.ജെ. ജേക്കബ് .
എറണാകുളം- ഡൊമിനിക് പ്രസന്റേഷൻ , ഷിബു തെക്കുംപുറം .
തൃശൂർ- ജോസഫ് ചാലിശ്ശേരി, കെ.ആർ. ഗിരിജൻ .
പാലക്കാട്- ചെയർമാൻ പിന്നീട് ,കളത്തിൽ അബ്ദുള്ള .
മലപ്പുറം- പി.ടി. അജയ് മോഹൻ , യു.എ. ലത്തീഫ് .
കോഴിക്കോട്- കെ. ബാലനാരായണൻ , എം.എം. റസാഖ് .
വയനാട്- പി.പി.എ. കരിം , എൻ.ഡി. അപ്പച്ചൻ.
കണ്ണൂർ- പി.ടി. മാത്യു , അബ്ദുൾ ഖാദർ മൗലവി .
കാസർകോട് - സി.ടി. അഹമ്മദലി , എ. ഗോവിന്ദൻ നായർ .
ഖമറുദ്ദീനെനീക്കി
സി.ടി അഹമ്മദലി യു.ഡി.എഫ്ജില്ലാ ചെയർമാൻ
കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പുകേസിൽപ്പെട്ട മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനെ യു .ഡി. എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻമന്ത്രിയുമായ സി.ടി. അഹമ്മദലിയാണ് പുതിയ അദ്ധ്യക്ഷൻ.
യു .ഡി .എഫ് ചെയർമാൻ എം .എം. ഹസൻ ഇന്നലെ രാവിലെ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖമറുദ്ദീനെ മാറ്റാനുള്ള തീരുമാനം വന്നത്. ഖമറുദ്ദീനെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ ഘടകം പാണക്കാട് തങ്ങൾക്ക് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തത്കാലം സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ലീഗ് നേതൃത്വം ഖമറുദ്ദീനോട് ആവശ്യപ്പെട്ടിരുന്നു.
ഖമറുദ്ദീനെതിരായ വഞ്ചനാ കേസുകളിൽ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്നുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ചന്തേര, കാസർകോട്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലായി 80ലധികം കേസുകളുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് തട്ടിപ്പ് മുന്നണിയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.