
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്നും കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്. പി.ആർ ഏജൻസിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്താനായിരുന്നു സർക്കാരിന് താത്പര്യം. കൊവിഡ് പ്രതിരോധപ്രവർത്തനത്തിന് ഫണ്ട് അനുവദിക്കുന്നില്ല.വികസന പ്രവർത്തനത്തിനുള്ള പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തതിനാൽ ഹോം ഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ ഏറെ പിറകിലായതാണ് സ്ഥിതി ഇത്രയും മോശമാക്കിയത്. കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദ്ദേഹം മാറി മറവ് ചെയ്ത സംഭവം രാജ്യത്തിനുതന്നെ നാണക്കേടാണ്. ലോക്ക് ഡൗൺ സമയത്ത് മറ്റു സംസ്ഥാനങ്ങൾ കൊവിഡ് കെയർ സെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നു സർക്കാരെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.