
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധന്റെ വിലയിരുത്തൽ സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അനങ്ങിയില്ല. ഇപ്പോൾ കേന്ദ്രമന്ത്രി അതേ കാര്യം ചൂണ്ടിക്കാട്ടുന്നു. ഇനിയെങ്കിലും വീമ്പുപറച്ചിൽ അവസാനിപ്പിച്ച് കൊവിഡ് തടയുന്നതിനുള്ള ക്രിയാത്മക നടപടി സ്വീകരിക്കണം.
വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾക്കപ്പുറം ചിട്ടയായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. കൊവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്താണെന്ന് വരുത്തി തീർക്കാൻ ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗവ്യാപനം മറച്ചു വച്ചതോടെ നിശബ്ദമായി രോഗം പടർന്നു പിടിച്ചു. ഈ ഘട്ടത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ സ്ഥിതി വഷളായെന്നും ചെന്നിത്തല വാർത്താക്കുറിപ്പിൽ പറഞ്ഞു.