
തിരുവനന്തപുരം: 'ഫോട്ടോഷൂട്ടിന് ഡബിൾ ഡക്കർ ബസ് കിട്ടുമോ?'
കെ.എസ്.ആർ.ടി.സി എം.ഡി. ബിജു പ്രഭാകറിനോടാണ് ചോദ്യം.
അതിനെന്തിനാ ബസ് ?'ഒരു വെറൈറ്റിക്കാ, വിവാഹം കഴിഞ്ഞ് വധൂവരന്മാർ കാട്ടിലും കടൽത്തീരത്തും പോയി പടമെടുക്കുന്നതിനു പകരം ബസിലായാൽ നന്നായിരിക്കുമല്ലോ'
അദ്ദേഹം നിരുൽസാഹപ്പെടുത്തിയില്ല. നല്ല വാടക കിട്ടുമെങ്കിൽ വിട്ടുനൽകാമെന്ന് സമ്മതിച്ചു.
ഇങ്ങനെയൊരു അന്വേഷണത്തിന് കാരണമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഡബിൾ ഡക്കർ ബസുകൾ ആഘോഷങ്ങൾക്കും ടീ പാർട്ടിക്കും വേണ്ടിയുള്ള ബസാക്കി മാറ്റുമെന്ന് കഴിഞ്ഞ മാസം 12ന് 'കേരളകൗമുദി'യിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ബസിന്റെ രണ്ടാം നിലയിൽ ബർത്ത് ഡേ പാർട്ടിക്കും സകുടുംബ സായാഹ്ന യാത്രയ്ക്കും അവസരം നൽകുന്ന ലണ്ടനിലെ 'അഫ്റ്റർ നൂൺ ടീ ബസ് ടൂർ' മാതൃകയിലാണ് കെ.എസ്.ആർ.ടി.സിയും കേരള ടൂറിസം ഡെവലമെന്റ് കോർപറേഷനും ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഡബിൾ ഡക്കർ ബസിന്റെ രൂപമാറ്റം പുരോഗമിക്കുകയാണ്.
വിവാഹം ബസിനകത്ത് വച്ച് നടത്തുന്നതിലും കെ.എസ്. ആർ.ടി.സിക്ക് വിരോധമില്ല. പദ്ധതി വിജയിച്ചാൽ കൊച്ചിയിലും കോഴിക്കോടും 'അഫ്റ്റർ നൂൺ ടീ ബസ് ടൂർ' ഉണ്ടാകും.
മൊബൈൽ കോഫി ഷോപ്പ് റെഡി
സഞ്ചരിക്കുന്ന കോഫി ഷോപ്പും കെ.എസ്.ആർ.ടി.സി നിരത്തിലിറക്കും. പാപ്പനംകോട് സെൻട്രൽ വർക്സിൽ കോഫിഷോപ്പ് ബസുകളുടെ നിർമ്മാണം പൂർത്തിയായി.
21 മുതൽ രണ്ട് ബസുകൾ തലസ്ഥാനത്തെ നിരത്തുകളിൽ ഉണ്ടാകും. തമ്പാനൂർ, കിഴക്കേകോട്ട, ശംഖുംമുഖം, കോവളം, ടെക്നോപാർക്ക്, മ്യൂസിയം, വേളി എന്നിവിടങ്ങളിലായിരിക്കും കോഫി ഷോപ്പിന്റെ പ്രധാന സ്റ്രോപ്പുകൾ. കുടുംബശ്രീക്കാണ് ചുമതല.