
കല്ലമ്പലം: മുപ്പത്തിഅഞ്ച് അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട പോത്തിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് വടക്കോട്ടുകാവിൽ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. വടക്കോട്ടുകാവ് സ്വദേശി സച്ചുവിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെ പ്രദേശവാസിയുടെ പുരയിടത്തിൽ മേയാൻ കെട്ടിയിരിക്കുകയായിരുന്നു. മേയുന്നതിനിടയിൽ കയർ അഴിഞ്ഞ പോത്ത് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം കിണറ്റിൽ ഇറങ്ങി വല ഉപയോഗിച്ച് പോത്തിനെ പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ മുകുന്ദൻ, അനീഷ്, മനു വി നായർ, ഫയർ ഓഫീസർമാരായ സുമിത്ത്, സജീം, മനു, രാജഗോപാൽ, ഡ്രൈവർമാരായ ഷൈൻ ജോൺ, ദിനേശ് ഹോംഗാർഡ് അനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.