
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നതരത്തിൽ കേന്ദ്രമന്ത്രി ഹർഷവർദ്ധൻ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്രമന്ത്രിയെ ഫോൺവിളിച്ചു വിശദാംശം ആരാഞ്ഞതായി മന്ത്രി വ്യക്തമാക്കി.
എല്ലാം അപ്പാടെ പാളിയെന്ന അർത്ഥത്തിൽ പരാമർശം നടത്തിയിട്ടില്ല. കേന്ദ്രമന്ത്രിയുടെ സൺഡേ ലൈവിൽ കേരളത്തിലെ സ്ഥിതിയെ പറ്റി ചോദിച്ചു. ഓണക്കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് ചില കൂട്ടായ്മകൾ ഉണ്ടായി. അത് രോഗവ്യാപനത്തിന് കാരണമായെന്നും വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കാനിരിക്കെ അവർക്ക് ഇത് പാഠമാകണമെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചതായി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ഓണത്തിന് ശേഷം രോഗവ്യാപമുണ്ടായെന്ന് മുഖ്യമന്ത്രി ഉൾപ്പടെ നേരത്തെ പറഞ്ഞതാണ്. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണം കുറവാണെന്നത് നേട്ടമായി കേന്ദ്രവും അംഗീകരിക്കുകയാണ്. പരിശോധന കുറഞ്ഞത് വലിയ പോരായ്മയാണെന്നുള്ള വിമർശനം അടിസ്ഥാനരഹിതമാണ്. ശാസ്ത്രീയമായ രീതിയിൽ പരിശോധന വർദ്ധിപ്പിക്കുന്നുണ്ട്. സ്വകാര്യ ലാബുകളിൽ നിന്ന്നെഗറ്റീവ് രേഖപ്പെടുത്താത്തതാണ് ആകെ പരിശോധനകൾ എണ്ണത്തിൽ കുറയാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.