temple

കുറ്റ്യാടി: കൊവിഡ് പേടിയിൽ വിശ്വാസികൾ വരവു കുറച്ചതോടെ വരുമാനം കുറഞ്ഞ ക്ഷേത്ര ജീവനക്കാർ പ്രതിസന്ധിയിൽ.

പതിവുപോലെ അനുഷ്ഠാന പൂജാ കാര്യങ്ങളും മറ്റ് ക്ഷേത്ര ജോലികളും നടത്തുന്നുണ്ടെങ്കിലും വേതനത്തിൽ മാത്രം ആശങ്കയാണ്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ദർശനത്തിന് വിലക്കേർപ്പെടുത്തിയതാണ് വരുമാന നഷ്ട്ടം ഉണ്ടാക്കുന്നത്. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വടകര ഭാഗങ്ങളിലെ നൂറിലധികം ക്ഷേത്രങ്ങളിലെ തന്ത്രിമാർ, മേൽ ശാന്തിമാർ, കഴകം (വാര്യർ), പൂവ് കെട്ടുന്നവർ (നമ്പീശൻ), വാദ്യം (മാരാർ) വഴിപാട് കൗണ്ടർ ജീവനക്കാർ, അടിച്ചു തളിക്കാർ ഉൾപ്പെടെയുള്ള ക്ഷേത്ര ജീവനക്കാരാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്.

ശബരിമല യാത്രയുമായി ബന്ധപ്പെട്ട് നടത്താറുള്ള മാലയിടൽ, കെട്ട് നിറ തുടങ്ങിയ ചടങ്ങുകളും, മറ്റ് ഉത്സവങ്ങളും, നവരാത്രി മഹോത്സവ കാലത്ത് നടത്താറുള്ള വിദ്യാ പൂജ, വാഹന പൂജകൾ, കാവ് സമ്പ്രദായവുമായി ബന്ധപെട്ട കെട്ടിയാട്ടം, തിറ, തെയ്യം തുടങ്ങിയ മേഖലകളിലും പെട്ട നിരവധി ജീവനക്കാരും ഇനി എങ്ങോട്ട് എന്ന ചിന്തയിലാണ്. പ്രതിഫലം നൽകാൻ പറ്റാത്തതിനാൽ അടച്ചിട്ട ക്ഷേത്രങ്ങളും നിരവധിയാണ്.

വരുമാനമുള്ള ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ താത്പര്യം കാട്ടുന്നവർ അഞ്ച് മാസമായി വേതനം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്നാണ് കാലങ്ങളായി ജീവനക്കാർക്ക് വേതനം നൽകിയിരുന്നത്. എ ഗ്രേഡ്, സ്‌പെഷൽ ഗ്രേഡ്, ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചും വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ വരുമാനത്തിന് പുറമെ സർക്കാർ സഹായത്തിലുമാണ് ജീവനക്കാർക്ക് വേതനം ലഭിക്കുന്നത്.