farok

ഫറോക്ക്: ഫറോക്ക് നഗരത്തിൽ മാലിന്യം നിറഞ്ഞതോടെ ദുരിതത്തിലാണ് ജനം. റെയിൽവേ കവാടത്തിനും സി.ഡി.എ കെട്ടിടത്തിനും ഇടയിൽ ഹാൻടെക്‌സ് വില്പനശാലയുടെ സമീപത്തെ റെയിൽവേ സ്ഥലമാണ് മാലിന്യ തുരുത്തായത്. ആൽമരത്തിന്റെ തറയാണ് കേന്ദ്രം.
റെയിൽവേയുടെ അതിർത്തി തിരിക്കുന്ന കമ്പിവേലി ഇടിഞ്ഞു പൊളിഞ്ഞു നടപ്പാതയിലേക്ക് തള്ളി നിൽക്കുന്നുണ്ട്. മരത്തിന്റെ ശിഖരങ്ങൾ സി.ഡി.എ കെട്ടിടത്തിലേക്കും റോഡിലേക്കും പടർന്നു കിടക്കുന്നു. വാർദ്ധക്യത്തിന്റെ ജീർണ്ണതയും ബലക്ഷയവും വൃക്ഷശാഖകളെ ബാധിച്ചിട്ട് നാളേറെയായി. റെയിൽവേ പരിസരത്തെ ഏറ്റവും പ്രായം കൂടിയ മരമാണിത്. നൂറു വർഷത്തിലേറെ പ്രായമുണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്.
ശിഖരങ്ങൾ മുറിച്ചുമാറ്റുകയും തറ കെട്ടി മോടിപിടിപ്പിക്കുകയും ചെയ്താൽ മനോഹരമായ സ്ഥലമാക്കി മാറ്റാം. പ്രശ്‌നം നഗരസഭ ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് ചെയർപേഴ്‌സൺ കെ. കമറു ലൈല പറഞ്ഞു.