traffic

കണ്ണൂർ: ദേശീയ പാതയിൽ വളപട്ടണം പാലത്തിന് ഇരുഭാഗങ്ങളിലെയും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നടപടി ഒരുങ്ങുന്നു. തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ അച്ചടക്കമില്ലായ്മയാണ് കുരുക്കിന് കാരണമെന്നും. ഇത് പരിഹരിക്കാൻ റോഡിൽ വരകൾ രേഖപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ടി. പ്രശാന്ത് പറഞ്ഞു. കേരളകൗമുദി ഫ്ലാഷ് വാർത്തയെ തുടർന്നാണ് അടിയന്തിര ഇടപെടൽ.

കാൾടെക്സ് ജംഗ്ഷനിലേതു പോലെ ട്രാഫിക് സർക്കിൾ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ നടപടി തുടങ്ങി. റോഡിലെ കുഴികളാണ് ഗതാഗത കുരുക്കിന് കാരണമെന്ന് ചൂണ്ടികാട്ടിയതിനെ തുടർന്ന് ഇത് പരിഹരിച്ചിട്ടുണ്ട്. എന്നിട്ടും കുരുക്ക് തുടരുകയാണ്. വാഹനങ്ങളും യാത്രക്കാരും കൂടുതലുള്ള രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയും വൈകീട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് വാഹനങ്ങൾ കുരുക്കിൽ അകപ്പെടുന്നത്. ഈ സമയങ്ങളിൽ പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും.

തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൽ പുലർത്തേണ്ട അച്ചടക്കവും മര്യാദയും കാട്ടാത്തതാണ് കുരുക്കിന് കാരണം. കെ.എസ്.ടി.പി റോഡ് വളപട്ടണം ദേശീയപാതയിൽ ചേരുന്ന ഭാഗത്ത് തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി മറികടക്കുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്. ഇതറിയാവുന്ന ഡ്രൈവർമാർ വാഹനം ഇവിടെനിന്ന് മറികടക്കാൻ ശ്രമിക്കാതെ ഇടതു ഭാഗം ചേർന്ന് പോയാൽ കുരുക്കിന് പരിഹാരം കാണാം.