
മുക്കം: പുതു തലമുറയ്ക്ക് അത്ഭുതവും ആഹ്ലാദവും പകർന്ന് വയലേലകളിൽ നിന്ന് ഉയരുന്നത് ഈണത്തിലുള്ള നാട്ടിപ്പാട്ട്. ലാഭമല്ലെന്നു കണ്ട് നെൽകൃഷി ഉപേക്ഷിച്ച് വയലുകളിൽ വാഴകൃഷി നടത്തിയവരും മണ്ണിട്ടു നികത്തി കെട്ടിടം നിർമ്മിച്ചവരും കവുങ്ങും റബ്ബറും മറ്റും കൃഷി ചെയ്തവരും മാറി ചിന്തിക്കാൻ തുടങ്ങിയതോടെയാണ് വയലേലകളിൽ നിന്ന് നാട്ടിപ്പാട്ട് ഉയർന്നു കേൾക്കാൻ തുടങ്ങിയത്.
നെൽകൃഷി ഉപേക്ഷിച്ചവർ കൂട്ടത്തോടെ കൃഷിയിലേയ്ക്ക് മടങ്ങാൻ ഇടയാക്കിയത് സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ്. നെൽകൃഷിക്ക് കൃഷിഭവനും തദ്ദേശ സ്ഥാപനങ്ങളും വഴിയാണ് സഹായം നൽകുന്നത്. വിത്തും വളവും സാങ്കേതിക സഹായവും മാത്രമല്ല സാമ്പത്തിക സഹായവും നൽകുന്നു. കഴിഞ്ഞ നാലു വർഷങ്ങൾ കൃഷിയിലേയ്ക്കുള്ള ഈ തിരിച്ചു നടത്തത്തിന്റേതായിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വവും തൊഴിലില്ലായ്മയും കാർഷികവൃത്തി സ്വീകരിക്കാൻ പ്രചോദനമായി.
കാർഷികവൃത്തി അറിയുന്ന തൊഴിലാളികളുടെ അഭാവമാണ് കൃഷിക്കാരെ അലട്ടിയിരുന്ന ഒരു പ്രശ്നം. ബംഗാളിൽ നിന്നും ആസാമിൽ നിന്നും മറ്റും തൊഴിൽ തേടി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ പ്രശ്നം പരിഹരിച്ചത്. ഞാറു പറിക്കലും നാട്ടി നടലും കൊയ്യലും മെതിക്കലുമെല്ലാം അവർ അനായാസം ചെയ്തു. അഞ്ചു വർഷത്തോളമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് നെൽകൃഷിയിൽ വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ബാങ്ക് നേരിട്ട് കർഷക ക്ലബ്ബുകൾ രൂപീകരിച്ചും മറ്റും നെൽകൃഷി നടത്തുകയും വിളവെടുത്ത് അരിയാക്കി വിതരണം നടത്തുകയും ചെയ്യുന്നതിനു പുറമെ നെൽകൃഷി നടത്തുന്ന കൃഷിക്കാർക്ക് പലിശ രഹിത വായ്പയും സാങ്കേതിക സഹായങ്ങളും നൽകുന്നു.
അവർ ഉത്പാദിപ്പിക്കുന്ന നെല്ല് റൊക്കം പണം നൽകി സംഭരിക്കുകയും ചെയ്യുന്നു. ഓർക്കാപ്പുറത്ത് എത്തിയ കൊവിഡ് മാരി ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത് ഈ മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തി. അത് മറികടക്കാൻ കർഷക തൊഴിലാളി സ്ത്രീകൾ കൂട്ടത്തോടെ കാർഷിക വൃത്തിയിൽ ഇറങ്ങുകയായിരുന്നു. കൊടിയത്തൂർ ബാങ്കിന്റെ കീഴിലുള്ള ഹരിത ഫാർമേഴ്സ് ക്ലബ്ബിന്റെ നാട്ടി പണി അവരാണ് ഇത്തവണ നടത്തിയത്. സർക്കാർ പറമ്പ് കോളനിയിലെ കല്ലടയിൽ ലീലയുടെ നേതൃത്വത്തിൽ ഇറങ്ങിയ കർഷക തൊഴിലാളികളാണ് പാടി മറന്ന നാട്ടി പാട്ടിന്റെ ഈരടികൾ ഓർമ്മിച്ചെടുത്ത് താളലയങ്ങളോടെ പാടി ഞാറു നട്ടത്.
കൊടിയത്തൂർ കുയ്യിൽ പാടത്താണ് നാടൻ പാട്ടിന്റെ ഈരടികളുയർന്നത്. കൂടുതൽ കർഷക തൊഴിലാളികൾ ഈ രംഗത്തേക്കിറങ്ങാൻ തയ്യാറെടുക്കുകയാണെന്ന് കാർഷിക വൃത്തിക്ക് നേതൃത്വം നൽകുന്ന ക്ലബ്ബ് ഭാരവാഹിയായ അഹമ്മദ് കുട്ടി ഒഴുപാറക്കൽ പറഞ്ഞു. കാർഷിക മേഖലയ്ക്ക് വലിയ ഉണർവും ഒപ്പം പ്രതീക്ഷയും നൽകുന്നതാണ് നാട്ടിലെ കർഷക തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള രംഗ പ്രവേശം.