പൂവാർ: നെയ്യാർ അറബിക്കടലിൽ ലയിക്കുന്ന പൂവാർ പൊഴിക്കര സഞ്ചാരികൾക്കായി മുഖം മിനുക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പൂവാറിലെ ടൂറിസത്തിനും ലോക്ക് വീണത്. ഇളവുകൾ വന്നുതുടങ്ങിയതോടെ ടൂറിസം മേഖലയിൽ ചെറിയതോതിൽ ഉണർവുകൾ പ്രകടമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പൂവാർ പൊഴിക്കരയിലും വികസനം വിരുന്നെത്തിയത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും പരിമിതികളാൽ വീർപ്പുമുട്ടുകയായിരുന്നു പൊഴിക്കര. വിശ്രമകേന്ദ്രമോ ടോയ്‌ലെറ്റ് സൗകര്യമോ ഇല്ലാത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രശ്നം. ഇതെല്ലാം പരിഹരിക്കുന്നതിന് പാറശാല ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
പദ്ധതിക്ക് മുന്നോടിയായി 2019ൽ തന്നെ ആറ് ലക്ഷം രൂപ ചെലവിട്ട് മിനിപാർക്ക് നിർമ്മാണം പാർക്കിലും തീരത്തും മൂന്ന് ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിരുന്നു. 5 ലക്ഷം രൂപ ചെലവിൽ ഓപ്പൺ എയർ ഓഡിറ്രോറിയത്തിന്റെ നിർമ്മാണവും ആരംഭിച്ചു. വനം വകുപ്പുമായി സഹകരിച്ച് പാർക്കിന് ചുറ്റും തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. നിർമ്മാണത്തിലിരിക്കുന്ന പാർക്കിൽ ബോട്ടിലെത്തുന്നവർക്ക് പ്രവേശിക്കാൻ വേണ്ട സൗകര്യവും ഒരുക്കുന്നുണ്ട്.
മുന്നേറണം ഇനിയുമേറെ...
വിവിധ പദ്ധതികൾക്കായി 25 ലക്ഷം രൂപയോളമാണ് ബ്ളോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. എന്നാൽ ഗ്രാമപഞ്ചായത്തോ മറ്റ് ഏജൻസികളോ പൊഴിക്കരയുടെ കാര്യത്തിൽ വേണ്ട ശ്രദ്ധകാണിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ടൂറിസം ടിപ്പാർട്ട്മെന്റിന് വികസനം നടത്തണമെങ്കിൽ രണ്ടര ഏക്കർ ഭൂമിയെങ്കിലും വിട്ടുനൽകണം. എന്നാൽ ഗ്രാമ പഞ്ചായത്തിനോ ബ്ലോക്ക് പഞ്ചായത്തിനോ അതിന് കഴിയില്ല. സർക്കാർ മുൻകൈയെടുത്ത് ഭൂമി കണ്ടെത്തി നൽകാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരുങ്ങുന്നത്...
വിശ്രമകേന്ദ്രം
ആധുനിക ടോയ്ലെറ്റ്
പബ്ളിക് പാർക്ക്
കുട്ടികളുടെ പാർക്ക്
ഓപ്പൺ ആഡിറ്റോറിയം
കപ്പിൾസ് ഹട്ട്
ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും അടങ്ങിയ സമഗ്രമായ പാക്കേജാണ് പൂവാർ പൊഴിക്കരയ്ക്കായി തയ്യാറാകുന്നത്.
ആര്യദേവൻ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സഞ്ചാരികളുടെ പറുദീസ
കോവളം കഴിഞ്ഞാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന തീരമാണ് പൂവാറിലേത്. വിശാലമായ ബ്രേക്ക് വാട്ടറിലെ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി സഞ്ചാരികൾക്ക് ഏറെ ആഹ്ളാദകരമാണ്. ചരിത്രപ്രസിദ്ധമായ എ.വി.എം കനാലിലെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവർ ഏറെയായിരുന്നു. സായാഹ്നസവാരിക്കും തീരത്തെ മണൽപരപ്പിൽ വിശ്രമിക്കാനുമായി ദിവസവും നൂറുകണക്കിന് സഞ്ചാരികളും എത്തിയിരുന്നു.