
തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ, ജനനായകൻ വി.എസ്. അച്യുതാനന്ദന് ഇന്ന് 97 വയസ് പൂർത്തിയാകുന്നു. പിറന്നാളാഘോഷം പതിവുപോലെ കുടുംബാംഗങ്ങളിൽ മാത്രമായി ഒതുങ്ങും. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ രാവിലെ കേക്ക് മുറിക്കും. ഭാര്യ വസുമതിയും മക്കളും മരുമക്കളും ചെറുമക്കളും ആശംസകൾ നേരും. ഉച്ചയ്ക്ക് പായസ സദ്യയും. സാധാരണ, ജന്മദിനാശംസ നേരാൻ വലിയൊരു നിരയാണ് എത്താറുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി അതെല്ലാം ഒഴിവാക്കി.
ശാരീരിക അവശതകൾ നിമിത്തം പൊതുവേദികളിൽ നിന്ന് വി.എസ് പിൻമാറിയിട്ട് ഒരു വർഷമാകുന്നു. എന്നും ജനങ്ങൾക്കിടയിലായിരുന്നു വി.എസ്. നൂറിലെത്തിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം പഴക്കവും തിളക്കവുമുള്ള ജീവിതം. വർഷങ്ങളായി തിരുവനന്തപുരത്താണ് സ്ഥിര താമസമെങ്കിലും, ജന്മനാടായ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ വി.എസില്ലാത്ത ഓണമില്ല. വി.എസ് എത്തിയാൽ പിന്നെ നാട്ടിൽ ഉത്സവം പോലെ. സഖാക്കളും ഉറ്റവരും ഉടയവരുമൊക്കെ ഓടിയെത്തും.
നേരിൽ കാണാനായില്ലെങ്കിലും, വി.എസിന് മനസു കൊണ്ട് ജന്മദിനാശംസകൾ നേരുന്നവർ ഏറെയാണ്. അവർ ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന നേതാവ്. ആ ഹൃദയങ്ങളാണ് വി.എസിന് എന്നും പ്രചോദനം. ജനങ്ങൾക്കൊപ്പം നിന്ന് പടപൊരുതിയാണ് ഓരോ ജന്മദിനവും പിന്നിട്ടത്. ജനങ്ങളുടെ തീരാപ്രശ്നങ്ങൾക്ക് മുന്നിൽ ജന്മദിനം പോലും മറന്നുള്ള ജീവിതം.
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണരീതി കൊണ്ടുവരാനുള്ള സി.പി.രാമസ്വാമി അയ്യരുടെ ശ്രമത്തെ അതിശക്തമായി എതിർത്ത വി.എസിനെ 1946 ഒക്ടോബർ 28 ന് പൊലീസ് അറസ്റ്റ് ചെയ്ത് പൂഞ്ഞാർ ലോക്കപ്പിലടച്ചു. കൊടിയ മർദ്ദനമായിരുന്നു. പാദത്തിൽ ബയണറ്റു കുത്തിയിറക്കി. അഞ്ചര വർഷം ജയിലിൽ. നാലര വർഷം ഒളിവ് ജീവിതം. വി.എസിനെ അത് കൂടുതൽ കരുത്തനാക്കുകയായിരുന്നു. വി.എസ് എന്ന സമരനായകനെ വാർത്തെടുത്തത് സമരങ്ങളുടെ തീച്ചൂളയിലെ അഗ്നിനാളങ്ങളായിരുന്നു.1964ൽ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന 32 പേർ രൂപം കൊടുത്ത സി.പി.എമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സഖാവ്. ജനങ്ങൾക്ക് ആവേശമാണ് വി.എസ് എന്നും.