
ബാലരാമപുരം: സർക്കാരിന്റെയും റെയിൽവേ അധികൃതരുടെയും അനാസ്ഥയെ തുടർന്ന് ബാലരാമപുരം കുടിവെള്ളപദ്ധതി അനിശ്ചിതമായി നീളുന്നതിനെതിരെ അഡ്വ. എം. വിൻസെന്റ് എം.എൽ.എ സമരത്തിനൊരുങ്ങുന്നു. ബാലരാമപുരം പഞ്ചായത്തിൽ 40,000 പേർക്ക് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്ന സ്വപ്നപദ്ധതിയാണ് തിരഞ്ഞെടുപ്പ് ചൂടിനെ തുടർന്ന് വീണ്ടും അട്ടിമറിക്കപ്പെടുന്നത്. 2018 ജൂലായിൽ ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി 20 വാർഡുകളിലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പണികൾ പൂർത്തിയായിരുന്നു. പദ്ധതിയുടെ ഭാഗമായി റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കാംപാലമൂട് ഭാഗത്ത് പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചതാണ് പദ്ധതി ത്രിശങ്കുവിലായത്. 2015 ജനുവരിയിലും 2016 ജൂലായിലും 2018 ജൂലായിലും റെയിൽവേയിൽ നിന്നും അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മേലധികാരികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് റെയിൽവേ മരാമത്ത് ചുമതലയുള്ള ഡിവിഷണൽ മാനേജർ, തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥർ, ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നിരുന്നു. ഒരു മാസത്തിനകം റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിലും അധികൃതരുടെ ഉറപ്പ് പാഴ് വാക്കാവുകയായിരുന്നു.