
കസബ, മാസ്റ്റർ പീസ്, കാറ്റ് എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതമായ തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ സംവിധായികയാകുന്നു. കണ്ണാമൂച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി തന്നെയാണ് നായികാ വേഷം അവതരിപ്പിക്കുന്നത്.
ശ്രീ തേനാണ്ടകൾ ഫിലിംസിന്റെ ബാനറിൽ എൻ. രാമസ്വാമി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങും. കൃഷ്ണസ്വാമിയാണ് ഛായാഗ്രാഹകൻ. സംഗീതം: സാം സി.എസ്. പോടാ പോടി, താരതപ്പെട്ട എന്നീ ചിത്രങ്ങളിലൂടെയാണ് വരലക്ഷ്മി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഇരു ചിത്രങ്ങളിലെയും പ്രകടനം മികച്ച പുതുമുഖ നടിക്കുള്ള ഒട്ടേറെ പുരസ്കാരങ്ങൾ വരലക്ഷ്മിക്ക് നേടിക്കൊടുത്തിരുന്നു. പ്രമുഖ തെന്നിന്ത്യൻ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. മലയാള സംവിധായകൻ നിസാർ ആദ്യമായി തമിഴിലൊരുക്കുന്ന കളേഴ്സാണ് വരലക്ഷ്മിയുടെ അടുത്ത റിലീസ്.