
തിരുവനന്തപുരം: ബാറുകൾ തുറന്നശേഷം മദ്യത്തിന്റെ വില കൂട്ടാൻ സാദ്ധ്യത. സ്പിരിറ്റ് അടക്കമുള്ള സാധനങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ 10 മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്ന് മദ്യ നിർമ്മാണ കമ്പനികൾ സർക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഉടനെ കൂട്ടാനാവില്ലെന്നും ബാറുകൾ തുറന്നശേഷം ആലോചിക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്. കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ബാറുകൾ ഉടൻ തുറക്കാനിടയില്ല.
സ്പിരിറ്റിന്റെ വില ഇരട്ടിയോളം കൂടിയെന്നാണ് മദ്യക്കമ്പനികൾ പറയുന്നത്. മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലയും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ബിവറേജസ് കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട സമയത്തെ വിലയ്ക്ക് മദ്യം നൽകാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. മദ്യത്തിന്റെ വില കൂട്ടിയില്ലെങ്കിൽ അസംസ്കൃ സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും ഈടാക്കുന്ന നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന നിർദ്ദേശവും കമ്പനികൾ മുന്നോട്ടുവച്ചിട്ടുണ്ട്.