
സർക്കാരിൽ ഒരു ജോലി കിട്ടിയിട്ടു വേണം അവധിയെടുത്ത് ഒന്നു സുഖിക്കാൻ എന്ന സിനിമാ ഡയലോഗിന്റെ പ്രസക്തി ഓർമ്മിപ്പിക്കുന്നതാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നടപ്പാക്കിയ കൂട്ടപ്പിരിച്ചുവിടൽ. അവധിയെടുത്ത് മുങ്ങി നടന്ന 385 ഡോക്ടർമാർ ഉൾപ്പെടെ 432 പേരെയാണ് ഒറ്റയടിക്കു സർവീസിൽ നിന്നു നീക്കം ചെയ്തത്. അവധി അവസാനിപ്പിച്ച് തിരികെ ഡ്യൂട്ടിക്കു കയറണമെന്നു കാണിച്ച് ഇവർക്കെല്ലാം പലകുറി നോട്ടീസ് നൽകിയതാണ്. നന്നേ ചുരുക്കം പേർ തിരിയെ എത്തിയതൊഴിച്ചാൽ ഭൂരിഭാഗവും ആരോഗ്യവകുപ്പിന്റെ നോട്ടീസിന് ഒരു വിലയും കല്പിച്ചില്ല. ഡോക്ടർമാർക്കു പുറമെ മറ്റു വിഭാഗങ്ങളിൽ പണിയെടുത്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപ്പെട്ടവരും ഉണ്ട്. സർക്കാർ സർവീസിനു പുറത്ത് കൂടുതൽ മെച്ചപ്പെട്ട ജോലി നോക്കുന്നവരാകാം ഇവരിലധികവും. അവിടെ മതിയാകുമ്പോൾ തിരിയെ എത്തി സർവീസിൽ പ്രവേശിക്കാൻ അവസരമുള്ളതിനാൽ ശേഷം കാലം സുഖമായി കഴിയാം. വിരമിക്കുമ്പോൾ ജീവിതാന്ത്യം വരെ പെൻഷനും തരമാകും. ഇതുകൊണ്ടാണ് ഔപചാരികമായി സർവീസ് ഉപേക്ഷിക്കാൻ മടികാണിക്കുന്നത്. സർക്കാർ സർവീസ് അഭയകേന്ദ്രമാക്കാൻ ആരെയും അനുവദിക്കരുത്.
ഒരാൾ സർവീസിൽ കയറിപ്പറ്റി നിശ്ചിത കാലത്തെ പ്രൊബേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നെ സർവീസിൽ നിന്ന് പറഞ്ഞുവിടുക എന്നത് വളരെ വിഷമം പിടിച്ച പണിയാണ്. അവധിയെടുത്ത് മറ്റു ജോലികൾക്കു പോയാലും അവധിക്കാലം കഴിഞ്ഞും ദീർഘനാൾ തിരികെ എത്താതിരുന്നാലും നടപടിക്രമങ്ങൾ വളരെയധികം പാലിക്കേണ്ടിവരുന്നതിനാൽ പിരിച്ചുവിടൽ എളുപ്പമല്ല. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്താണ് ഇത്തരക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യാറുള്ളത്. സേവന വ്യവസ്ഥകൾ അത്രയധികം ദൃഢവും ജീവനക്കാരന്റെ അവകാശങ്ങൾക്കു ഏറ്റവുമധികം പ്രാധാന്യം നൽകുന്നതും കൊണ്ടാണിത്. ഈ സംരക്ഷണ വ്യവസ്ഥകൾ ദുരുപയോഗപ്പെടുത്തിയാണ് പലരും അവധി കഴിഞ്ഞാലും തിരിയെ പ്രവേശിക്കാതെ സർക്കാരിനെ കുരങ്ങുകളിപ്പിക്കുന്നത്.
ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം അധികൃതവും അനധികൃതവുമായി അവധിയെടുത്ത് ദീർഘകാലം മുങ്ങിനടക്കുന്ന ജീവനക്കാർ പലപ്പോഴും പ്രശ്നമാകാറുണ്ട്. വിദേശത്ത് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തേടി വിദഗ്ദ്ധ ഡോക്ടർമാർ കൂട്ടത്തോടെ സംസ്ഥാനം വിടുന്ന ഏർപ്പാട് മുമ്പുണ്ടായിരുന്നു. സംസ്ഥാനത്തുടനീളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടുതൽ വന്നതോടെ അതിന് ഒരു പരിധി വരെ ശമനമുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതായിട്ടില്ല. അവസരം ലഭിച്ചാൽ ഇവിടത്തെ ആശുപത്രികളിലെ സേവനം ഉപേക്ഷിച്ച് വിദേശത്തേക്കു കുതിക്കാൻ കാത്തിരിക്കുന്ന അനവധി പേരുണ്ട്. കൂടുതൽ ഉയരത്തിലുള്ളത് എത്തിപ്പിടിക്കാൻ ഏതു തുറയിൽ പ്രവൃത്തിയെടുക്കുന്നവരും ആഗ്രഹിക്കുക സ്വാഭാവികമാണ്. അതിനെ കുറ്റപ്പെടുത്താനാവില്ല. എന്നാൽ നിശ്ചിത കാലം അവധിയെടുത്തു പോകുന്നവർ കാലാവധി കഴിഞ്ഞും തിരിയെ എത്താതിരുന്നാൽ അത് ആരോഗ്യവകുപ്പിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി കാണാതിരുന്നുകൂടാ. ഇവിടെ തുടർന്നും ഉദ്യോഗം വേണ്ടെന്നാണെങ്കിൽ സേവനം സ്വമേധയാ അവസാനിപ്പിച്ചുകൊണ്ട് വിടപറയാൻ തയ്യാറാകണം. അങ്ങനെ ചെയ്താൽ ഒഴിവു വരുന്ന ആ തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്താനാകും. ആതുരസേവനരംഗത്ത് ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും കുറവു നേരിടുന്ന സംസ്ഥാനത്ത് കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് പൊതുജനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നല്ല മേച്ചിൽപ്പുറങ്ങൾ തേടി പോയവർ മടങ്ങിവരാനിടയില്ലെന്നു തീർച്ചയുണ്ടെങ്കിലും അവർക്കായി കാത്തിരിക്കാൻ സർക്കാരിനെ ബാദ്ധ്യസ്ഥമാക്കുന്നതാണ് നിലവിലുള്ള സർവീസ് ചട്ടങ്ങൾ. സർക്കാർ സർവീസിൽ കയറിപ്പറ്റാൻ ലക്ഷങ്ങൾ പുറത്തു കാത്തുനിൽക്കുമ്പോഴാണ് മറുഭാഗത്ത് ചെറിയൊരു വിഭാഗത്തിന്റെ നിഷേധ സമീപനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃതമായി സർവീസിൽ നിന്ന് ദീർഘകാലമായി വിട്ടുനിന്നിരുന്ന 36 ഡോക്ടർമാരെ നേരത്തെയും പുറത്താക്കിയിരുന്നു. അതിദീർഘമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇത് പ്രാവർത്തികമാക്കിയത്. ഇപ്പോൾ പിരിച്ചുവിട്ട 385 ഡോക്ടർമാരിൽ
പ്രൊബേഷൻ പൂർത്തിയാക്കാത്തവർ വരെ ഉണ്ടത്രെ. സർക്കാർ സർവീസ് നൽകുന്ന സുരക്ഷിതത്വവും സേവന വ്യവസ്ഥയുമാണ് അച്ചടക്കരാഹിത്യം കാണിച്ചാലും ഒന്നും വരാനില്ലെന്ന തോന്നലിനു പിന്നിലുള്ളത്. കർശന നടപടി ഉണ്ടാകുമെന്ന പ്രതീതി ജനിപ്പിക്കാൻ കഴിഞ്ഞാൽ ഫലം ഉണ്ടാകാതിരിക്കില്ല. ആ നിലയ്ക്ക് ആരോഗ്യവകുപ്പുമന്ത്രി അനധികൃത അവധിക്കാർക്കെതിരെ ഇപ്പോൾ സ്വീകരിച്ച നടപടി മാതൃകാപരം തന്നെയാണ്. ജോലി ആവശ്യമില്ലാത്തവരെ സർവീസിൽ ഒരു നിമിഷം പോലും വച്ചുകൊണ്ടിരിക്കരുത്. എത്രയും വേഗം അവരെ പറഞ്ഞയയ്ക്കേണ്ടത് ആരോഗ്യവകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. നാട്ടിൽ ജോലി ആഗ്രഹിക്കുകയും അതിനായി ക്ഷമാപൂർവം കാത്തിരിക്കുകയും ചെയ്യുന്നവർ അനവധിയാണ്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താൽ സർക്കാർ ആതുരാലയങ്ങളുടെ പ്രവർത്തനത്തിന് എല്ലാ വിഭാഗം ജീവനക്കാരുടെയും സാന്നിദ്ധ്യം അങ്ങേയറ്റം അനുപേക്ഷണീയമാണ്. അവധിക്കാലം കഴിഞ്ഞ് ഏറെ നാളായിട്ടും മടങ്ങിവരാത്തവർക്കു പകരം പുതിയ ആൾക്കാരെ നിയമിക്കേണ്ടതും അനിവാര്യമാണ്. അതുപോലെ സ്വമേധയാ ഉദ്യോഗത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നവരെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിച്ചുകൊണ്ട് പുറത്താക്കാൻ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.
.