
ശ്വസനപഥം കേന്ദ്രീകരിച്ചുള്ള രോഗബാധയാണ് കൊവിഡ്. അതുകൊണ്ടു തന്നെ, ശ്വാസകോശസംബന്ധമായ അലർജിയുള്ളവർക്ക് പേടി കൂടാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൊവിഡിന്റെയും ശ്വസനപഥത്തെ ആശ്രയിച്ചുള്ള അലർജി രോഗങ്ങളുടെയും ലക്ഷണങ്ങൾ പലതും ഏതാണ്ട് സമാനമാണ്.
അതിനാൽ, ഏത് രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രയാസം കൂടുതൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു.
ആയുർവേദ ഡോക്ടർമാരെ കാണാനെത്തുന്ന 10 കുട്ടികളിൽ ആറു പേർക്കെങ്കിലും ശ്വസനപഥ സംബന്ധമായ രോഗങ്ങൾ കണ്ടെത്താറുണ്ട്. പത്ത് വയസിനു താഴെയുള്ള കുട്ടികൾക്ക് കൊവിഡ് ബാധ ഏൽക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ ഏറ്റവും കൂടുതൽ മുൻകരുതലെടുക്കേണ്ട ഒരു വിഭാഗമായി കുട്ടികൾ മാറുന്നു.
കാലാവസ്ഥ വ്യതിയാനമുള്ളപ്പോൾ സംഭവിക്കുന്നത്, വർഷം മുഴുവൻ നിലനിൽക്കുന്നത് എന്നിങ്ങനെ അലർജി രോഗങ്ങളെ രണ്ടായിതിരിക്കാം.
അന്തരീക്ഷത്തിലെ പൊടിപടലം, തണുപ്പ്, ചൂട് തുടങ്ങിയവ കാരണമായും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ദോഷങ്ങൾ കൊണ്ടും എപ്പോൾ വേണമെങ്കിലും തുമ്മൽ, ജലദോഷം,തൊണ്ടവേദന, പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ, ഇപ്പറഞ്ഞ ലക്ഷണങ്ങളൊന്നും കൊവിഡ് ബാധ കൊണ്ടുള്ളതല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
മരുന്നുകൊണ്ടുള്ള ചികിത്സ പലപ്പോഴും താൽക്കാലിക ഗുണം മാത്രമാണ് നൽകുന്നത്. അവതന്നെ തുടർച്ചയായി ഉപയോഗിക്കേണ്ടി വരുന്നതിലൂടെ മരുന്നിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കേണ്ട ആവശ്യവും ഉണ്ടാകും. എന്നാൽ പോലും മുമ്പ് ലഭിച്ച രോഗശമനം കിട്ടാതിരിക്കുകയും മരുന്നിന്റെ അളവ് വർദ്ധിപ്പിച്ച് ഉപയോഗിക്കേണ്ടി വരുന്നത് കാരണം ക്ഷീണവും തളർച്ചയും ഉറക്കവും വർദ്ധിക്കുകയും ജോലി തന്നെ തടസ്സപ്പെടുകയുംചെയ്യും. ക്രമേണ ജോലിതന്നെ ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം.
രോഗം തുടർച്ചയായി നിലനിന്നത് കൊണ്ടുണ്ടായ ഘടനാപരമായ വ്യത്യാസം പ്രത്യേകിച്ച് മൂക്കിൽ ദശവളർച്ച, മൂക്കിന്റെ പാലം വളയുക തുടങ്ങിയവയ്ക്ക് ചില അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള ശമനത്തിനായി ഓപ്പറേഷൻ തന്നെ വേണ്ടി വന്നേക്കാം. എന്നാൽ, തുടർന്നും രോഗ കാരണങ്ങളെ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും സർജറി തന്നെ ശരണം എന്ന അവസ്ഥയിലേക്ക് പോകാനും ഇടയാകും. അതായത് സർജറി കാരണം താൽക്കാലിക ശമനം മാത്രമേ ലഭിക്കൂ എന്ന് സാരം.
രോഗകാരണങ്ങളെ ഒഴിവാക്കിയും രോഗം വർദ്ധിക്കാതിരിക്കാൻ താൽക്കാലിക ശമനം ലഭിക്കുന്ന ചികിത്സകൾ ചെയ്തും മുന്നോട്ടുപോകുന്നവർക്ക് മാത്രമേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രോഗശമനം ഉണ്ടാകുകയുള്ളൂ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രോഗ കാരണങ്ങൾ ഉണ്ടായിരുന്നാൽ പോലും രോഗതീവ്രത കുറയ്ക്കുവാൻ സാധിക്കും.
കൊവിഡ് പശ്ചാത്തലത്തിലായാലും തുടർച്ചയായ തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ, തൊണ്ടയ്ക്ക് തടസ്സം, തൊണ്ടവേദന, ചുമ, ശ്വാസം മുട്ട് തുടങ്ങിയ എല്ലാ അവസ്ഥകളിലും ആയുർവേദ ചികിത്സ ഫലപ്രദമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, താൽക്കാലിക ശമനമല്ല രോഗത്തിൻറെ ചികിത്സ എന്നത് മനസ്സിലാക്കി രക്തം പരിശോധിച്ച് അതിൽ അലർജിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയും ഘടനാപരമായ വ്യത്യാസങ്ങൾ കൂടി പരിഗണിച്ചും എത്ര നാൾ മരുന്നു കഴിക്കണം എന്ന് മുൻകൂട്ടി നിശ്ചയിക്കുകയും രോഗത്തെ വർദ്ധിപ്പിക്കുന്ന കാരണങ്ങളെ ഒഴിവാക്കി കൊണ്ടുതന്നെ ചികിത്സയിൽ ശ്രദ്ധിക്കുകയും വേണം. അല്ലെങ്കിൽ രോഗം ശ്വസന പഥത്തെ കൂടുതൽ ഗുരുതരമായി ബാധിക്കുകയും തുമ്മൽ ക്രമേണ ശ്വാസംമുട്ടലായി മാറുകയും ചെയ്യാം.
അലർജിക്ക് കാരണങ്ങൾ പലത്
ശ്വസനപഥ സംബന്ധമായ രോഗങ്ങൾ കാലാവസ്ഥയ്ക്കനുസരിച്ചും വ്യക്തിപരമായ വ്യത്യാസങ്ങൾക്കനുസരിച്ചും വിഭിന്നമാകാം. അതുതന്നെ ബാഹ്യമായ കാരണങ്ങൾകൊണ്ടും അലർജിക്ക് കാരണമായ വസ്തുക്കളുടെ ആന്തരികമായ ഉപയോഗം കൊണ്ടും രോഗം ആരംഭിക്കുകയോ വർദ്ധിക്കുകയോ ചെയ്യാം.
പൊടി, പുക, ഫംഗസ് ബാധ, തണുപ്പ്, ചൂട്, വെയിൽ, ചിലതരം മണങ്ങൾ, അക്കേഷ്യ, നെല്ല് കൂടാതെ ചില സസ്യങ്ങളുടെ പരാഗരേണുക്കൾ, കമ്പിളി, മഫ്ലർ തുടങ്ങിയവയിൽ കാണുന്ന സൂക്ഷ്മങ്ങളായ ഫൈബറുകൾ, ചിലതരം ത്വക് രോഗങ്ങളും തലയിൽ കാണുന്ന താരൻ കാരണവുമുള്ള പൊടികൾ, സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോൾ തൊണ്ടയ്ക്ക് തണുപ്പേൽക്കുന്നതും ചെവിയിലൂടെ തണുപ്പേൽക്കുന്നതും ചുവരിലെ ഈർപ്പത്തിൽ വളരുന്ന ഫംഗസ്, വസ്ത്രങ്ങൾ ഉപയോഗിക്കാതെ ഷെൽഫിൽ വച്ചിരിക്കുന്നത് കാരണമുള്ള പൊടി, വളർത്തു ജീവികളായ കിളികൾ, കോഴി, പൂച്ച, പട്ടി തുടങ്ങിയവയിൽ നിന്നുള്ള ത്വക് ശകലങ്ങൾ, ചിലതരം സോഫകളിലും മറ്റും ധാരാളമായി പറ്റിപ്പിടിച്ചിരിക്കുന്നതിന് സാദ്ധ്യതയുള്ള പൊടികൾ, വീടുകളിൽ ഉപയോഗിക്കുന്ന ഫ്ലോർ മാറ്റുകളിൽ നിന്ന് ശ്വസിക്കാൻ സാദ്ധ്യതയുള്ള പൊടികൾ, വസ്ത്രങ്ങളിൽ നിന്ന് ശ്വസിക്കാനിടയുള്ള പൊടികൾ തുടങ്ങിയവയാണ് ശ്വസന പഥ അലർജിക്ക് കാരണമാകുന്ന ബാഹ്യ കാരണങ്ങൾ.
മീനുകളുടെ ഗണത്തിൽപ്പെട്ട അയല, ചൂര, കൊഞ്ച്, ഞണ്ട്, ചിപ്പി കണവ എന്നിവയും അച്ചാർ, ബേക്കറി ഐറ്റംസ്, പ്രത്യേകിച്ചും മുട്ട ചേർന്നുള്ള ബ്രഡ്, ബിസ്കറ്റ്, കേക്ക് ,ചിലതരം ഇറച്ചികൾ,കാഷ്യുനട്ട് , മുരിങ്ങയ്ക്ക, പാലും പാലുൽപ്പന്നങ്ങളും, മസാല തുടങ്ങിയവയെ രോഗത്തെ വർദ്ധിപ്പിക്കുന്ന ആന്തരിക കാരണങ്ങളായി പറയാവുന്നതാണ്.
കാരണങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാൽ രോഗശമനം എളുപ്പമാണ്. കാരണം ഇതിന്റെ ചികിത്സകളിൽ ഏറ്റവും പ്രാധാന്യം കാരണങ്ങൾ ഒഴിവാക്കുക എന്നതാണ്. മരുന്നു കഴിച്ചു കൊണ്ടുള്ള ചികിത്സയും ആവശ്യമായി വന്നാൽ ചില സർജറികളും രണ്ടാം സ്ഥാനമേ അർഹിക്കുന്നുള്ളൂ. അതും കാരണത്തെ ഒഴിവാക്കിയതിനു ശേഷമുള്ള ചികിത്സ മാത്രമാണ് പ്രയോജനപ്പെടുന്നത്.