
കിളിമാനൂർ: ലോക്ക് ഡൗണിലുണ്ടായ പ്രതിസന്ധി സർക്കാർ സഹായത്തോടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കൈത്തറി തൊഴിലാളികൾ. ജില്ലയിലെ വിഴിഞ്ഞം, ബാലരാമപുരം 1, ബാലരാമപുരം 2, ഊരൂട്ടമ്പലം, നേമം, തിരുവനന്തപുരം, കുളത്തൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര 1, നെയ്യാറ്റിൻകര 2, പാറശാല, അവണാകുഴി, വെങ്ങാനൂർ, തിരുപുറം, കാഞ്ഞിരംകുളം, കരുംങ്കുളം എന്നീ സർക്കിളുകളിലായി 300ഓളം പ്രാഥമിക കൈത്തറി സംഘങ്ങളും 5000ത്തോളം തൊഴിലാളികളുമാണ് ഉള്ളത്. ഒരു കാലത്ത് ജീവനോപാധിയായിരുന്ന പല നെയ്‌ത്തുശാലകളിലെയും തറികൾ നിശ്ചലമായിട്ട് വർഷങ്ങളായി. നെയ്‌ത്ത് അറിയാവുന്ന പലരും ഇന്ന് ഉപജീവനത്തിനായി മറ്റു തൊഴിലുകളിൽ ചെയ്യുകയാണ്. കിളിമാനൂർ മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന നഗരുർ പൊയ്‌കവിള ജംഗ്ഷനിലെ നെയ്‌ത്തുശാലയും അതിജീവനത്തിന്റെ പാതയിലാണ്. ഇവിടെ വെള്ളക്കോടി മാത്രമാണ് നെയ്യുന്നത്. വാമനപുരത്തെ ആനച്ചൽ, കളമച്ചൽ ഭാഗം മുമ്പ് നെയ്‌തുശാലകളുടെ കേന്ദ്രമായിരുന്നു.
സ്കൂൾ യൂണിഫോമുകളുടെ ഓർഡർ ലഭിച്ചെങ്കിലും കുടിശിക കിട്ടാനുണ്ടെന്ന് തൊഴിലുടമകൾ പറയുന്നു ഒരു മീറ്റർ യൂണിഫോം നെയ്‌താൽ തൊഴിലാളിക്ക് 42 രൂപ 50 പൈസയാണ് ലഭിക്കുന്നത്. ഈ കൂലിയാണ് ഇവർക്ക് ഇതുവരെ ലഭിക്കാത്തത്. ഒരാൾ ഒരു ദിവസം ശരാശരി നെയ്യുന്നത് 5 മീറ്ററാണ്. യൂണിഫോം നെയ്യുന്നതിന് ഒരു കൈത്തറി സംരംഭം ആരംഭിക്കാൻ 12000 രൂപയ്ക്ക് മേൽ ചെലവുണ്ട്. പുതിയ തറി സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് തൊഴിലുടമകൾ പറയുന്നു.
പൂവണിയാതെ യുവ വീവർ പദ്ധതി
പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ നടപ്പാക്കിയ യുവ വീവർ പദ്ധതിയും എങ്ങുമെത്തിയില്ല. ലാഭമില്ലെന്ന് മാത്രമല്ല മുടക്കിയ പൈസ പോലും തിരികെ ലഭിക്കില്ലെന്നുള്ളതാണ് യുവതലമുറയെ ഈ മേഖലയിൽ നിന്ന് അകറ്റി നിറുത്തുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിക്ക് തടസമായി. 2018വരെ സംഘങ്ങളിലെ തൊഴിലാളികൾക്ക് നൽകിയിരുന്ന ഇൻകം സപ്പോർട്ടും പ്രൊഡക്ഷൻ ഇൻസെന്റീവും നിറുത്തലാക്കിയതോടെ കൈത്തറി മേഖല സ്‌തംഭിച്ച മട്ടാണ്.
ജില്ലയിലെ പ്രാഥമിക കൈത്തറി സംഘങ്ങൾ - 300
ആകെ തൊഴിലാളികൾ - 5000
ആശ്രയമായി നിരവധി പേർ
കൈത്തറി വ്യവസായത്തിന്റെ 80 ശതമാനവും സഹകരണമേഖലയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 760ഓളം കൈത്തറി യൂണിറ്റുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ 480 ഓളം യൂണിറ്റുകൾ മാത്രമാണുള്ളത്. 42000ത്തോളം പേർ തൊഴിലാളികളായിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കൈത്തറി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.