et

വർക്കല: പുത്തൻചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പൂട്ടിയിട്ടിരുന്ന മില്ലിന്റെ തിണ്ണയിൽ ഗൃഹനാഥൻ മരിച്ച് കിടന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പുളിമാത്ത് പൊരുന്തമൺ വളളംപെട്ടിക്കോണം തോട്ടിങ്കര വീട്ടിൽ നൗഷാദിനെ (46) വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുന്നിയൂർ വെന്നിക്കോട് വട്ടവിള പണയിൽ വീട്ടിൽ ബാഹുലേയനാണ് (68) മരിച്ചത്. 2020 ആഗസ്റ്റ് 11നായിരുന്നു സംഭവം.

പൊലീസ് പറയുന്നതിങ്ങനെ: അനുജൻ രാജുലു മരിച്ചതിനെ തുടർന്ന് ആഗസ്റ്റ് നാലിന് ബാഹുലേയൻ ചെറുന്നിയൂരിലുള്ള വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് വർക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. ആഗസ്റ്റ് എട്ടിന് ബാഹുലേയൻ പുത്തൻചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപത്തുളള അടഞ്ഞ് കിടന്നിരുന്ന ഫ്ലവർമില്ലിന്റെ വരാന്തയിൽ ഉറങ്ങാനെത്തിയപ്പോൾ അവിടെ ഒരാഴ്ചയായി കിടന്നിരുന്ന നൗഷാദിനെ കണ്ടു. തുടർന്ന് ഇരുവരും പരിചയപ്പെട്ടു. പകൽ സമയത്ത് കറങ്ങിനടക്കുന്ന നൗഷാദ് രാത്രി ഒമ്പതിന് തിരിച്ചെത്തിയപ്പോൾ ബാഹുലേയന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 750 രൂപയും കണ്ടു. തുടർന്ന് ബാഹുലേയന്റെ ഫോൺ വാങ്ങി നൗഷാദ് കിളിമാനൂരിലുള്ള സുഹൃത്തിനെ വിളിച്ചു.

ആഗസ്റ്റ് 10ന് പുലർച്ചയോടെ പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഉറക്കമുണർന്ന ബാഹുലേയൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് നൗഷാദ് ബാഹുലേയന്റെ തല ഭിത്തിയിലും തറയിലും ഇടിച്ച് പരിക്കേല്പിച്ചു.

അബോധാവസ്ഥയിലായ ബാഹുലേയനിൽ നിന്ന് പഴ്സും മൊബൈൽ ഫോണും കവർന്ന ശേഷം നൗഷാദ് രക്ഷപ്പെട്ടു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നൗഷാദ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെയെത്തി ആറ്റിങ്ങലിലുള്ള പാറക്വാറിയിൽ ജോലി ചെയ്യുകയായിരുന്നു. പള്ളിക്കലിലുള്ള സുഹൃത്തിന്റെ വീട്ടിൽ വരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ അജിത്ത്‌കുമാർ ഗ്രേഡ് എസ്.ഐ അനിൽകുമാർ എ.എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐ ഷൈൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.