
കൊവിഡ് കാലത്ത് നെല്ലിക്കയ്ക്ക് മധുരകാലം
കൊച്ചി: ധാരാളം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമം. അതുകൊണ്ട് തന്നെ വിപണിയിലെ താരം ഇപ്പോൾ നെല്ലിക്കയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുമെന്നതാണ് കാരണം. കടകളിലും വഴിയോരങ്ങളിലും വണ്ടികളിലുമൊക്കെയായി കച്ചവടം പൊടിപൊടിക്കുകയാണ്. നെല്ലിക്ക വലുതിന് കിലോ 50 രൂപയും ചെറുതിന് 40 രൂപയുമാണ് വില. എന്നാൽ കച്ചവടം കൂടുതൽ ഉള്ളയിടങ്ങളിൽ കിലോ 80 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളും നെല്ലിക്ക കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രതിദിനം നഗരത്തിൽ 150 കിലോയിൽ കൂടുതൽ വില്പന നടക്കുന്നുണ്ട്.
നെല്ലിക്കയുടെ ഗുണങ്ങൾ
നിരവധി രോഗങ്ങളുടെ ശമനത്തിന് ഔഷധമായി നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നതാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം. വിറ്റാമിൻ സിയുടെ അംശം ഓറഞ്ചിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്തോടൊപ്പം ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഉത്തമമാണ്.
വൻ ഡിമാൻഡ്
"കൂടുതൽ ആളുകളും ചോദിച്ച് വരുന്നത് നെല്ലിക്കയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതിനാൽ കച്ചവടം നല്ലരീതിയിൽ നടക്കുന്നുണ്ട്. ആവശ്യക്കാർ കൂടുതലാണെങ്കിലും വിലയിൽ കാര്യമായി വർദ്ധനവുണ്ടായിട്ടില്ല."
ഹമീദ്
വ്യാപാരി
ആരോഗ്യത്തിന് ഉത്തമം
"ഔഷധങ്ങളിൽ പ്രധാന ഇനങ്ങളിൽ ഒന്നായ നെല്ലിക്ക കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
മിത്തു ആർ. കൃഷ്ണ
ന്യുട്രീഷണിസ്റ്റ്