covid

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൊവിഡ് മരണനിരക്ക് ഉയരുമെന്ന് വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ്. സമയബന്ധിതമായി നടപ്പാക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടാകുന്നതായും ഡോ.ബി. ഇക്ബാൽ അദ്ധ്യക്ഷനായ സമിതി വിലയിരുത്തുന്നു.

പൊതുയിടങ്ങളിൽ ആൾക്കൂട്ടം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചെറുപ്പക്കാർ അവർ പോലും അറിയാതെ രോഗികളാകുന്നു. ഇവർ വീടുകളിലെത്തി മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്ന ഘട്ടമാണിത്. പരിശോധന വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, രോഗമുക്തി നിശ്ചയിക്കാനുള്ള പരിശോധന വേണ്ടെന്ന കേന്ദ്രമാനദണ്ഡം പാലിക്കണമെന്ന ശുപാർശ ആവർത്തിച്ചിട്ടും അംഗീകരിച്ചിട്ടില്ല. രോഗവ്യാപനം എല്ലാ മേഖലയിലും റിപ്പോർട്ട് ചെയ്തതോടെ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത് ഒഴിവാക്കണം. നിർണായക ഘട്ടത്തിൽ സ്വീകരിക്കേണ്ട പല നടപടികളും ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ദിനംപ്രതി ആശുപത്രികളിലേക്ക് മറ്റേണ്ടിവരുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടോ? കൊവിഡ് ബാധ ലക്ഷണങ്ങളില്ലാത്തതിനാൽ അറിയാതെ പോകുകയും രൂക്ഷമാകുന്ന ഘട്ടത്തിൽ ആശുപത്രിയിൽ എത്തുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടോ? തുടങ്ങിയ വിവരശേഖരണം ഈഘട്ടത്തിൽ നിർണായകമാണ്.

അതിവ്യാപനം കേരളത്തിൽ

ശരാശരി വ്യാപന നിരക്കിൽ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമതായി. ഒരാഴ്ചത്തെ (10മുതൽ 17വരെ) കണക്കനുസരിച്ച് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി (100ൽ എത്ര രോഗികൾ) 15.9 ശതമാനമാണ്. രാജ്യ ശരാശരിയുടെ രണ്ടിരട്ടിയിലധികമാണിത്. മുൻ ആഴ്ചയിൽ 6.3 ശതമാനമായിരുന്ന രാജ്യ ശരാശരി 6 ആയി കുറഞ്ഞു. എന്നാൽ 13.5ൽ നിന്നാണ് കേരളത്തിൽ നിരക്കുയർന്നത്. കഴിഞ്ഞ ആഴ്ചവരെ മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്രയിൽ വ്യാപന നിരക്ക് 13.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആഴ്ച രോഗികളായവരുടെ ശരാശരിയിലും കേരളമാണ് മുന്നിൽ. പുതിയ രോഗികളുടെ ശരാശരി നിരക്ക് 1629. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള സംസ്ഥാനവും കേരളമാണ്. പത്തു ലക്ഷത്തിൽ 2873 പേരാണ് ചികിത്സയിലുള്ളത്.