
തിരുവനന്തപുരം : കളമശേരി മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സാ പിഴവുകൾ തുടർച്ചയായി സംഭവിക്കുന്നതിന്റെ ഫലമായി നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന തരത്തിൽ നഴ്സിംഗ് ഓഫീസറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ അവിശ്വസനീയവും അവാസ്തവവുമാണെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യ മേഖലയുടെ മികവിനെ ഇകഴ്ത്തി കാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഒരു മാസത്തോളമായി ലീവിലുള്ള ഉദ്യേഗസ്ഥയുടേതായി ശബ്ദസന്ദേശം പ്രചരിക്കുന്നത് ദുരൂഹമാണ്. ഓക്സിജൻ ലഭിക്കാതെ കേരളത്തിൽ ഒരു രോഗിയും മരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിൽ കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽ അസഹിഷ്ണുതയുള്ളവർ സംസ്ഥാനത്തുണ്ട്. കേരളത്തിന് അന്താരാഷ്ട്ര തലത്തിൽ പോലും ലഭിച്ചിട്ടുള്ള ഈ ഖ്യാതി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വിനയാകുമെന്ന് ഇക്കൂട്ടർക്കറിയാം. ഇവരുടെ കയ്യിലെ ആയുധമായി ഉദ്യോഗസ്ഥ മാറിയതായി സംശയിക്കുന്നു. വിഷയത്തിലെ ദുരൂഹത അകറ്റുന്നതിന് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബോധപൂർവം വീഴ്ച വരുത്തിയവർക്കെതിരെ നടപടിവേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.