bijuramesh

തിരുവനന്തപുരം:ബാർ കോഴ ആരോപണത്തിൽ നിന്ന് പിൻമാറാൻ മുൻ ധനമന്ത്രി കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണി പത്ത് കോടിരൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വ്യവസായി ബിജു രമേശ്.കൊല്ലത്തെ വ്യവസായി ജോൺ കല്ലാട്ടിന്റെ മദ്ധ്യസ്ഥതയിലായിരുന്നു വാഗ്ദാനം .വഴങ്ങിയില്ലെങ്കിൽ ഉൻമൂലനം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെല്ലാം സാക്ഷികളുണ്ട്.ആരോപണം പിൻവലിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കി ഇ-മെയിലും അയച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.

ബാർ കോഴ ആരോപണത്തിന് പിന്നിൽ കോൺഗ്രസ് ഐ നേതാക്കളും, ബിജുരമേശും മറ്റും ചേർന്നുള്ള ഗൂഢാലോചനയാണെന്ന സ്വകാര്യ രഹസ്യ ഏജൻസി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായതിന് പിന്നാലെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ.ബാർ കോഴ ആരോപണം ഉന്നയിച്ചത് ആരുമായും ഗൂഢാലോചന നടത്തിയായിരുന്നില്ലെന്നും, അതിന് പിന്നിലെ രാഷ്ട്രീയം അറിയില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു..കോൺഗ്രസുകാർ അതിന് മുൻപും ,ശേഷവും സഹായിച്ചിട്ടില്ല. ഉപദ്രവിച്ചിട്ടേയുള്ളു. പിന്നെങ്ങനെയാണ് അവരുമായി ഗൂഢാലോചന നടത്തുക?... മാത്രമല്ല, മാണിക്കെതിരായ ആരോപണത്തിനൊപ്പം കോൺഗ്രസ് നേതാക്കൾക്ക് പണം കൊടുത്തതും വ്യക്തമാക്കിയിരുന്നു..ബാർ ഉടമകളിൽ നിന്ന് പത്തു കോടി പിരിച്ചു.അന്നത്തെ എക്സൈസ് മന്ത്രിക്ക് അരക്കോടിയും, രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും ,വി.എസ്. ശിവകുമാറിന് കാൽക്കോടിയും നൽകി.എല്ലാം മന്ത്രി കെ.ബാബു പറഞ്ഞിട്ടായിരുന്നു.ആരോപണം കോൺഗ്രസ് സർക്കാരിനെ തകർത്തുകളഞ്ഞു. അതില്ലായിരുന്നെങ്കിൽ അവർക്ക് ഭരണത്തുടർച്ച പോലും ലഭിക്കുമായിരുന്നു. ആരോപണം മൂലം ശത്രുതയും ജീവന് ഭീഷണിയും സാമ്പത്തിക നഷ്ടവും മറ്റ് തിരിച്ചടികളും മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, ബിജു രമേശിന്റെ വെളിപ്പെടുത്തലുകളോട് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല. ഇതിൽ അൽപം സത്യമുണ്ടെന്ന്, വ്യവസായി ജോൺ കല്ലാട്ട് സ്വകാര്യചാനലിനോട് പറഞ്ഞു. ഇന്നലെ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രിയും പ്രതികരിച്ചില്ല.