
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമ്മിച്ച ഇലക്ട്രിക് ഓട്ടോ അതിരുകൾ കടന്ന് നേപ്പാളിലേക്ക്. എൽ5 വിഭാഗത്തിൽപ്പെട്ട 25 ഇ-ഓട്ടോകൾ ഇന്ന് പുറപ്പെടും. റോഡ്മാർഗമാണ് നീം ജീ നേപ്പാളിലെത്തിക്കുക. യാത്രയുടെ ഫ്ളാഗ് ഒാഫ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ ഇന്ന് 10.30 നിർവഹിക്കും. 2007 മുതൽ നിലച്ചുപോയ കയറ്റുമതിയാണ് കെ.എ.എൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 500 ഇ -ഓട്ടോകൾ നേപ്പാളിൽ വിറ്റഴിക്കാനാവുമെന്നാണ് കെ.എ.എല്ലിന്റെ പ്രതീക്ഷ. ഒറ്റ ചാർജിൽ 80 മുതൽ 90 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. നവംബർ പകുതിയോടെ കേരളത്തിന്റെ നീം ജി നേപ്പാൾ നിരത്തുകളിൽ ഓടിത്തുടങ്ങും. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളുമായി ചർച്ച പുരോഗമിക്കുന്നു. സംസ്ഥാനത്ത് 17 ഡീലർമാരുണ്ട്. കൊവിഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറെയും യാത്രക്കാരെയും വേർതിക്കാനുള്ള സംവിധാനം ഇതിലുണ്ട്. സീറ്റ് ബെൽറ്റ്, ജി.പി.എസ് എന്നിവയും സജ്ജീകരിക്കാനാവും.