
തിരുവനന്തപുരം: നഗരത്തിലെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന എരുമക്കുഴി പൂങ്കാവനമാകുമ്പോൾ അനുയോജ്യമായ പേരുകൾ നൽകാൻ നഗരവാസികൾക്ക് അവസരം. എരുമക്കുഴിയിലെ പാർക്കിന് പേരിടാൻ ഫേസ്ബുക്കിലൂടെ മേയർ അറിയിപ്പ് നൽകിയതിന് പിന്നാലെ 500ൽ പരം പേരുകളാണ് നഗരവാസികൾ ഫേസ്ബുക്കിലൂടെയും അല്ലാതെയും നിർദ്ദേശിച്ചിരിക്കുന്നത്. അനന്തപദ്മനാഭന്റെ നാടായതിനാൽ അനന്തവനം, അനന്തപുരി തോട്ടം എന്നിങ്ങനെയുള്ള പേരുകളുമായി ഒരു കൂട്ടർ. എരുമക്കുഴിയിലെ ' എ ' മാറ്റി ' ഒ ' എന്നാക്കി ഒരുമക്കുഴിയെന്നാക്കണമെന്ന് ഒരു വിഭാഗം. എ.പി.ജെ. അബ്ദുൾകലാം, കലാഭവൻ മണി, അക്കിത്തം, എസ്.പി.ബി, ഇം.എം.എസ് എന്നീ പേരുകളും ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. ചിത്തിര തിരുനാൾ ബാലരാമവർമ്മ, അയ്യങ്കാളി തുടങ്ങിയവരുടെ സ്‌മാരകമാക്കണമെന്നും നിർദ്ദേശങ്ങൾ ലഭിച്ചു. ബഫല്ലോ പാർക്ക് എന്ന് പേര് നൽകിയവരുമുണ്ട്. അനുയോജ്യമായ പേര് കണ്ടെത്തി പാർക്കിന് നൽകുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. നഗരത്തിന്റെ ഏറെ നാളെത്തെ കാത്തിരിപ്പാണ് ഈ പദ്ധതിയെന്ന് മേയർ പറഞ്ഞു.