
തിരുവനന്തപുരം: നിയമസഭയിൽ കഴിഞ്ഞ ആഗസ്റ്റ് 24ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചെന്ന മോൻസ് ജോസഫിന്റെ പരാതിയിൽ ജോസ് കെ. മാണി വിഭാഗത്തിലെ എം.എൽ.എമാരായ റോഷി അഗസ്റ്റിനും ജയരാജിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ നോട്ടീസയച്ചു. അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
നേരത്തേ, ജോസഫ് വിഭാഗം എം.എൽ.എമാരായ പി. ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർക്കും ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിന്റെ സമാന പരാതിയിൽ സ്പീക്കർ നോട്ടീസ് നൽകിയിരുന്നു. അന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും, നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനത്തിലും പങ്കെടുക്കാൻ ജോസഫ് വിഭാഗത്തിനായി മോൻസ് ജോസഫും, പങ്കെടുക്കരുതെന്ന് കാട്ടി ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും വിപ്പ് നൽകി. ജോസഫ് വിഭാഗത്തിന് അനുകൂലമായി കോടതി ഉത്തരവുകളും, ജോസ് വിഭാഗത്തിന് അനുകൂലമായി ഇലക്ഷൻ കമ്മിഷൻ ഉത്തരവുമുണ്ട്. ഇതിന്റെ ബലത്തിലാണ് വിപ്പിന്റെ ആധികാരികത ഇരുവിഭാഗവും അവകാശപ്പെടുന്നത്. നിയമസഭയുടെകാലാവധി പൂർത്തിയാകാൻ ഏതാനും മാസങ്ങളേ ഉള്ളുവെങ്കിലും അയോഗ്യതാ നടപടികളിൽ കാലതാമസം വരുത്താനാകില്ല. പരാതി കിട്ടി നിശ്ചിത സമയത്തിനുള്ളിൽ സ്പീക്കർ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ നോട്ടീസ് നൽകിയത്. ഇരുവിഭാഗവും മറുപടി രേഖാമൂലം നൽകിയ ശേഷം സ്പീക്കർ ഹിയറിംഗ് നടത്തും. നിയമവശങ്ങളും പരിഗണിച്ചാവും അന്തിമ തീരുമാനം.