
തിരുവനന്തപുരം: പൂർണമായും കാഴ്ചയില്ലാത്തവർ ഉൾപ്പെടെയുള്ള അതിതീവ്ര വൈകല്യമുള്ളവർക്ക് കൊവിഡ് കാലത്ത് സർക്കാർ അർഹമായ പരിഗണന നൽകുന്നില്ലെന്ന് പരാതി. കൊവിഡ് വ്യാപകമായിരിക്കെ സർക്കാർ ഓഫീസുകളിൽ ഇത്തരക്കാരെ ജോലിക്കെത്താൻ നിർബന്ധിക്കുന്നു. പരാശ്രയമില്ലാതെ യാത്രചെയ്യാൻ കഴിയാത്തവരെ പ്രത്യേകം പരിഗണിക്കുന്നതിനു പകരം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. 100 ശതമാനം പേരും ഓഫീസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഈ മാസം 14ന് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കാൻസർ രോഗികൾ, അവയവമാറ്റം കഴിഞ്ഞവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, അതിതീവ്ര വൈകല്യമുള്ളവരെ പരിഗണിച്ചില്ല.റോഡ് മുറിച്ചുകടക്കാനും, ബസിൽ കയറാനും മറ്റുള്ളവരുടെ സഹായം ആവശ്യമായവർ കൊവിഡ് കാലത്ത് വീടുകൾക്ക് പുറത്തിറങ്ങുന്നത് രോഗപകർച്ചയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വിവിധ ജില്ലകളിലെ ഓഫീസുകളിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അപൂർവം ചില മേലധികാരികൾ സ്വന്തം നിലയ്ക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. സർക്കാർ ഉത്തരവിൽ ഇളവ് നൽകാത്തതിനാൽ ചില വകുപ്പ് മേധാവികൾ ഇവരോട് ഓഫീസുകളിൽ എത്തണമെന്ന് നിർബന്ധിക്കുന്നു.
2016ലെ കേന്ദ്ര ആർ.പി.ടി ആക്ട് പ്രകാരം (റൈറ്റ്സ് ഒഫ് പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റി) പ്രകൃതി ദുരന്തങ്ങളോ പകർച്ചവ്യാധികളോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സർക്കാരുകൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഇതിനു വിരുദ്ധമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. കേന്ദ്രസർക്കാർ കൊവിഡുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങളിലെല്ലാം ഭിന്നശേഷിക്കാരെ പ്രത്യേകം പരിഗണിക്കുന്നുമുണ്ട്.
'പരസഹായമില്ലാതെ യാത്രചെയ്യാൻ കഴിയാത്തവർക്ക് ലഭിക്കേണ്ട ആനുകൂല്യം കൊവിഡ് കാലത്ത് സർക്കാർ നിഷേധിക്കുകയാണ്. അടിയന്തരമായി ഇത് പരിഗണിക്കണം.'
- സി.കെ. അബൂബക്കർ,
ജനറൽ സെക്രട്ടറി,
കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ്