
കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: ആകാംക്ഷാഭരിതമായിരുന്നെങ്കിലും, അപ്രതീക്ഷിതമായിരുന്നില്ല ആ ക്ലൈമാക്സ്. കസ്റ്റംസ് ചോദ്യംചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ രക്തസമ്മർദ്ദം കുതിച്ചുകയറിയും നെഞ്ചുവേദന കലശലായും നടുവേദനയോടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കറിന്, ഡോളർ കടത്ത് കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞതോടെ രോഗം മാറി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ യോഗം ചേർന്ന മെഡിക്കൽ കോളേജാശുപത്രിയിലെ മെഡിക്കൽ ബോർഡ്, ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടത്ര രോഗമില്ലെന്ന് വിലയിരുത്തിയതിനെത്തുടർന്ന് വൈകിട്ട് ശിവശങ്കർ ആശുപത്രി വിട്ടു.
വൈകിട്ട് അഞ്ചോടെ ശിവശങ്കർ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടി. തുടർച്ചയായി കൊച്ചിയിലേക്ക് കാർ യാത്ര നടത്തിയതിന്റെ നടുവേദനയുള്ളതിനാലാണിത്. അവിടെ അഡ്‌മിറ്റ് ചെയ്ത ശിവശങ്കറിന് തിരുമ്മൽ അടക്കമുള്ള ചികിത്സ നൽകും. 23വരെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞെങ്കിലും, അദ്ദേഹത്തെ ചോദ്യംചെയ്യാൻ കസ്റ്റംസിന് കഴിയുമായിരുന്നു. ആയുർവേദ ചികിത്സയിലായതിനാൽ ചോദ്യം ചെയ്യൽ ഒഴിവാക്കിയേക്കും.
ശിവശങ്കറിന്റെ നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നുമാണ് മെഡിക്കൽ കോളേജാശുപത്രി ഡോക്ടർമാർ നിർദ്ദേശിച്ചത്. നേരത്തേ, ഡിസ്കിന് വേദനയുണ്ടായപ്പോൾ രണ്ടുവട്ടം നട്ടെല്ലിൽ ഇൻജക്‌ഷൻ എടുത്തിട്ടുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞു. ഈ കുത്തിവയ്പുകളും തുടർച്ചയായ യാത്രകളുമാണ് വേദനയ്ക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂറോസർജറി, ഓർത്തോ, കാർഡിയോളജി ഡോക്ടർമാരുടെ വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
കരമനയിലെ ആശുപത്രിയിൽ എം.ആർ.ഐ, സി.ടി പരിശോധനകളിൽ ഡിസ്കിന് തള്ളൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ഗൗരവസ്വഭാവത്തിലുള്ളതല്ലെന്നും, ഏതാനും ദിവസത്തെ വിശ്രമം മതിയെന്നും ഡോക്ടർമാർ വിലയിരുത്തി.
നടുവേദന മാത്രമുള്ള ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തിൽ തുടരാൻ അനുവദിക്കുന്നത് കസ്റ്റംസ് നടപടികളിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണെന്ന് കസ്റ്റംസും ആക്ഷേപമുന്നയിച്ചിരുന്നു.
ആശുപത്രിവാസം തിരിച്ചടിയായേക്കും
കാര്യമായ ആരോഗ്യപ്രശ്‌നമില്ലാതെ ഐ.സി.യുവിലായതും, അറസ്റ്റ് തടഞ്ഞതോടെ ആശുപത്രി വിട്ടതും കസ്റ്റംസ് കോടതിയെ ധരിപ്പിക്കും
ഡോളർകടത്ത്, കള്ളപ്പണ ഇടപാടുകളിൽ ശിവശങ്കറിനെതിരായ തെളിവുകൾ കസ്റ്റംസും ഇ.ഡിയും സീൽ വച്ച കവറിൽ കോടതിയിൽ സമർപ്പിക്കും
ശിവശങ്കറിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സ്വപ്നയ്ക്ക് 1.9ലക്ഷത്തിന്റെ ഡോളർ കിട്ടുമായിരുന്നില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കും
ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടുപോവില്ലെന്നും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറിയിക്കും
ഡോളർ മാറി നൽകിയ ബാങ്ക്മാനേജരെ മാപ്പുസാക്ഷിയാക്കി കേസ് ശക്തിപ്പെടുത്താനും ശ്രമിക്കും