തിരുവനന്തപുരം: കുഞ്ഞ് പാതി പുറത്തെത്തിയ നിലയിൽ ആശുപത്രിയിലെത്തിയ ശാലിനിക്ക് പട്ടം എസ്.യു.ടി ആശുപത്രി ആശ്വാസമായി. 17ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. പോത്തൻകോട് മഞ്ഞമല സ്വദേശിയായ ശാലിനിക്ക് 16ന് അർദ്ധരാത്രിയോടെ പ്രസവ വേദനയുണ്ടായി. തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പെട്ടെന്ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. യാത്രാമദ്ധ്യേ ശാലിനിക്ക് വേദന കൂടുകയും കുഞ്ഞിന്റെ തല പുറത്തേക്ക് വരികയുമായിരുന്നു. ഉടൻ പട്ടം എസ്.യു.ടിയിലെത്തിച്ചു. ഗൈനക്കോളജി ജൂനിയർ കൺസൾട്ടന്റ് ഡോ. മായ മോഹൻദാസ് എമർജൻസി വിഭാഗത്തിൽ വച്ചുതന്നെ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകി. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാൽ കുഞ്ഞിനെ രക്ഷിക്കാനായെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. ശാലിനി - ഷൈജു ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് എല്ലാ സഹായങ്ങളും ആശുപത്രി മാനേജ്‌മെന്റിൽ നിന്നുണ്ടാകുമെന്ന് ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പറഞ്ഞു.