sivil

വഴിയൊരുക്കാത്ത പഞ്ചായത്ത് നടപടിയിൽ പ്രതിഷേധം

കാട്ടാക്കട: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാട്ടാക്കട മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ഇന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ

നിർവഹിക്കും. പൂവച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്താണ് സിവിൽ സ്റ്റേഷൻ നിമ്മിച്ചത്. 16 കോടി രൂപ ചെലവഴിച്ചു 6 നിലകളിലായിരുന്നു നിർമ്മാണം. ഇതോടെ കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാകും. ഓഫീസുകൾ കയറിയിറങ്ങാൻ ജനം നേരിടുന്ന ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമൊരുങ്ങിയത്.

എന്നാൽ സിവിൽ സ്റ്റേഷനിലേക്ക് വഴിയൊരുക്കാത്ത പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മാർക്കറ്റിന് മുന്നിൽ പ്രതിഷേധവും ഒപ്പു ശേഖരണവും നടക്കുകയാണ്. ഇന്ന് ഉദ്ഘാടനം നടക്കുന്ന സമയത്ത് മാർക്കറ്റിന് മുന്നിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും കോൺഗ്രസിന്റേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും.

മുൻ സ്പീക്കർ ജി. കാർത്തികേയന്റെ ശ്രമഫലമായാണ് കാട്ടാക്കടയെ താലൂക്കായി ഉയർത്തിയതും സിവിൽ സ്റ്റേഷനായി തുക അനുവദിക്കുകയും ചെയ്തത്.

ഒരു കുടക്കീഴിൽ

കാട്ടാക്കട താലൂക്ക് ഓഫീസ്

താലൂക്ക് സപ്ലൈ ഓഫീസ്

ആർ.ടി ഓഫീസ്

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

സബ് ട്രഷറി

സബ് രജിസ്ട്രാർ ഓഫീസ്

വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്

ജില്ലയ്ക്ക് തന്നെ അഭിമാനകരമായ തരത്തിൽ നിർമ്മിച്ച സിവിൽ സ്റ്റേഷന് വഴി നൽകാൻ കഴിയില്ലന്ന് പറയുന്ന പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റേയും ഭരണ സമിതിയുടേയും സങ്കുചിത നടപടി നാടിന്റെ പുരോഗതിയെ തകർക്കും. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സിവിൽ സ്റ്റേഷനിൽ എത്തണമെങ്കിൽ ചുറ്റിക്കറങ്ങേണ്ടി വരും. ഇത് ഒഴിവാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം

കെ.എസ്. ശബരീനാഥൻ, എം.എൽ.എ

സിവിൽ സ്റ്റേഷനിലേക്ക് വഴി നൽകാത്ത പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അഞ്ച് ദിവസമായി സമരത്തിലാണ്. സിവിൽ സ്റ്റേഷൻ അനുവദിക്കുമ്പോൾ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വഴിനൽകാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനം ഇപ്പോഴത്തെ ഭരണസമിതി അട്ടിമറിക്കുകയാണ്.

സി.ആർ. ഉദയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്.