
ഓയൂർ: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ സഹോദരന്മാർ അറസ്റ്റിൽ. മരുതമൺപള്ളി ഗൗരി ശങ്കരത്തിൽ ജലജൻ (39), ഇയാളുടെ സഹോദരൻ മരുതമൺപള്ളി അമ്പാടി മന്ദിരത്തിൽ തിലജൻ (41) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചേ രണ്ട് മണിയോടെയാണ് ഒൻപതംഗ സംഘം മരുതമൺപള്ളി പൊയ്കവിളവീട്ടിൽ സേതുരാജി (55) നെവീടിന്റെ വാതിൽ തകർത്ത് മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തിലെ ജലജനേയും തിലജനേയും പൊലീസ് പത്തനംതിട്ടയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസം മുൻപ് അതിർത്തിത്തർക്കത്തെത്തുടർന്ന് സേതുരാജൻ ജലജനെ പട്ടാപ്പകൽ മരുതമൺപള്ളി ജംഗ്ഷനിൽ വച്ച് നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയായ സേതുരാജൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് പ്രതികാരമായാണ് തിലജനും സഹോദരനും ചേർന്ന് സേതുരാജനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത്. കൊട്ടേഷൻ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.