
തിരുവനന്തപുരം: രൂക്ഷമായ സമൂഹ വ്യാപനത്തിൽ നിന്ന് തലസ്ഥാന ജില്ല കരകയറുന്നു. ഒരാഴ്ചയിലേറെയായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് താഴെയായി. ഈ ദിവസങ്ങളിലെല്ലാം രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളുടെ ഫലമാണ് രോഗപ്പകർച്ച കുറയുന്ന കണക്കുകൾ തെളിയിക്കുന്നതെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഈ മാസം11 മുതൽ ഒരാഴ്ചയ്‌ക്കിടെ ജില്ലയിൽ 5591 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 7341ആണ്. സംസ്ഥാനത്തെ രോഗമുക്തി ശരാശരി 72 ആയിരിക്കെ ജില്ലയിൽ നിരക്ക് 79 ശതമാനമാണ്. വയനാട് കഴിഞ്ഞാൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയാണ് തിരുവനന്തപുരം. പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയെക്കാൾ മുന്നിലാണ് തലസ്ഥാനം.
ഒരാഴ്ചയിലെ രോഗബാധിതരുടെയും രോഗമുക്തരായവരുടെയും എണ്ണം :
(തീയതി, സ്ഥിരീകരിച്ചവർ, രോഗമുക്തർ എന്ന ക്രമത്തിൽ)
ഒക്ടോബർ 11 -797, 1200
12 -629, 830
13-777, 815
14 -581, 871
15 -679, 775
16-595, 780
17-848, 860
18-685, 1210
19-516,1670
നിരോധനാജ്ഞക്കുപുറമേ ശക്തമായ ക്വാറന്റൈൻ സംവിധാനവും കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നതിലെ ശാസ്ത്രീയരീതിയും രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചു. വരും ദിവസങ്ങളിലും ശക്തമായ നിയന്ത്രണങ്ങൾ തുടരും.
ഡോ. നവജ്യോത് ഖോസ, ജില്ലാ കളക്ടർ