melbin

കൊല്ലം: ഭാര്യാ മാതാവിനെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതി അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. തേവള്ളി പി.ഡബ്‌ളിയു.ഡി പുതുവൽ പുരയിടത്തിൽ മെൽബിനാണ് (30) പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നയാളുമാണ്.

കഴിഞ്ഞ ജനുവരി 2ന് ഭാര്യാ മാതാവിനെ ആക്രമിച്ച് അവരുടെ വീട് അടിച്ചുതകർത്ത ശേഷം മെൽബിൻ കടന്നുകളഞ്ഞിരുന്നു. ഗോവ, മഹാരാഷ്ട്ര എന്നിവിടിങ്ങളിൽ ഒളിവിൽക്കഴിഞ്ഞിരുന്ന മെൽബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് ഐ.എസ്.എച്ച്.ഒ കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ മനാഫ്, സി.പി.ഒമാരായ സുമേഷ്, സുനിൽ ലാസർ, മുഹമ്മദ് ഷാഫി, മഹേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.