viswas-mehtha

തിരുവനന്തപുരം: അടുത്ത മേയിൽ വിരമിക്കേണ്ട ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിച്ചേക്കും. നവംബറിൽ മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്ത് നിന്ന് വിൻസൺ എം പോൾ വിരമിക്കുന്ന ഒഴിവിലാണിത്.

രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത 1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മേയ് 31ന് ടോംജോസ് വിരമിച്ചപ്പോഴാണ് ചീഫ് സെക്രട്ടറിയായത്. മുഖ്യവിവരാവകാശ കമ്മിഷണറുടേത് നിലവിൽ സുപ്രീംകോടതി ജഡ്‌ജി റാങ്കാണെങ്കിലും, കേന്ദ്രഭേദഗതി വന്നതോടെ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും.

നിലവിൽ 2.75 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുമുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ, നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി എന്നിവരെയും ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ജൂണിൽ വിരമിക്കുന്ന ബെഹ്റയെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ എം.ഡിയാക്കാനും ആലോചനയുണ്ട്. നിലവിലെ എം.ഡി വി.ജെ കുര്യന്റെ കാലാവധി ജൂണിൽ അവസാനിക്കും. 2017ൽ വിരമിച്ച കുര്യന് വിമാനത്താവള എം.ഡിയായി തുടരാൻ കാലാവധി നീട്ടി നൽകുകയായിരുന്നു. നാലു വർഷമായി ഡിജിപി പദവിയിലുള്ള ബെഹ്റയെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റാനിടയുണ്ട്. മൂന്നു വർഷം ഒരേ കസേരയിലിരുന്നവരെ മാറ്റുകയാണ് പതിവ്. അതിനാൽ, തിരഞ്ഞെടുപ്പിന് മുൻപ് ബെഹ്റയ്ക്ക് പുതിയ നിയമനം നൽകാനും ഇടയുണ്ട്.