തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ മുതൽ ഭക്തജനങ്ങൾക്ക് വീണ്ടും ദർശനം അനുവദിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദർശനം വിലക്കിയിരുന്നു. നിരവധി ഭക്തർ ഇന്നലെ രാവിലെയും വൈകിട്ടുമായി ക്ഷേത്രത്തിലെത്തി. രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് ദർശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിഴക്കേനട വഴിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. ദർശനത്തിനെത്തുന്നവർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വെബ് സൈറ്ര് ആയ spst.in വഴി പേര് രജിസ്റ്രർ ചെയ്യണം. അങ്ങനെ ചെയ്യാത്തവർക്കും നേരിട്ട് കിഴക്കേനടയിലെ കൗണ്ടറിലെത്തി രജിസ്റ്രർ ചെയ്യാം. ഒരു ദിവസം 600പേരെ വരെയാണ് പ്രവേശിപ്പിക്കുന്നത്. ഇന്നലെ ആർക്കും ദർശനം നടത്താൻ കഴിയാതെ തിരിച്ചുപോവേണ്ടി വന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. കൊടിമരം വഴി ക്ഷേത്രത്തിലേക്ക് കയറി തെക്കേടം നരസിംഹസ്വാമിയെ തൊഴുത് അകത്തെ വടക്കേനട വഴി പുറത്തിറങ്ങണം. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമിയെയും ശാ‌സ്‌താവിനെയും തൊഴുത് പടിഞ്ഞാറെ ശീവേലിപ്പുര വഴി അഗ്രശാല ഗണപതിയെ വണങ്ങിയ ശേഷം തിരുവമ്പാടിനട വഴി പുറത്തേക്ക് പോകാം. അതേസമയം കിഴക്കേനടയിൽ നവരാത്രി മണ്ഡപത്തിലും ഭക്തർക്ക് സരസ്വതി ദർശനം അനുവദിക്കുന്നുണ്ട്. രാവിലെ എട്ടര മുതൽ 11 വരെയും ഉച്ചയ്ക്ക് 3 മുതൽ 5.30 വരെയുമാണ് സമയം. ഇതിനായി വെബ്സൈറ്ര് വഴി പേർ രജിസ്റ്റർ ചെയ്യേണ്ടതില്ല.