
തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവുമാണെന്നും ഏതു പ്രധാനിയാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തുടർന്ന് ചീഫ് സെക്രട്ടറിതലത്തിൽ അന്വേഷണം നടത്തി സസ്‌പെൻഡും ചെയ്തു. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സർക്കാരുമായോ ഇപ്പോൾ ഒരു ബന്ധവും ഇല്ല. അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങാൻ ഒരു തടസവുമില്ല.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് പോറലുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. സ്വതന്ത്രവും നീതിപൂർണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നതാണ് സർക്കാരിന്റെ താത്പര്യം. കേസിന്റെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകിവരുന്നുണ്ട്. ഇക്കാര്യത്തിൽ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികളും ഒരു പരാതിയും പറഞ്ഞിട്ടില്ല.
കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. നിയമപരമായി അതിനെ ആർക്കും തടയാനോ തടസപ്പെടുത്താനോ കഴിയില്ല.
സ്വർണക്കടത്ത് അന്വേഷണവും ലൈഫിലെ സി.ബി.ഐ അന്വേഷണവും തമ്മിൽ ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്. ഈ നിയമം ലൈഫ് പദ്ധതിക്ക് ബാധകമല്ലെന്നാണ് സർക്കാർ വാദിച്ചത്.