
തളിപ്പറമ്പ് :വഴിയാത്രക്കാരിയായ പെൺകുട്ടിയെ കയറിപ്പിടിച്ച സ്‌കൂട്ടർ യാത്രികൻ ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിൽ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി.കണ്ണൂർ ആനയിടുക്ക് സ്വദേശി പി.കെ.നസീറാണ്(42)പിടിയിലായത്.തളിപ്പറമ്പ് എസ് .ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ചക്കാലം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.പാൽ വാങ്ങാൻ പോകുകയായിരുന്ന 13 കാരിയായ പെൺകുട്ടിയെ വഴിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നു.ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കഴിഞ്ഞ 13ന് വൈകിട്ട് 4.15ന് ഭ്രാന്തൻകുന്ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം. പെൺകുട്ടി നടന്നു പോകുന്നതിനിടയിൽ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് കയറി പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്കൂട്ടറുമായി കടന്നു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്.ഇയാൾ ഓടിച്ചിരുന്ന ഹീറോ ഹോണ്ട ഫോർ ജി സ്‌കൂട്ടർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
തളിപ്പറമ്പിലും പരിസരത്തുമുള്ള നൂറിലേറെ സി .സി ടി .വി കാമറകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ ഒരു കാമറയിൽ വ്യക്തമായി വണ്ടി നമ്പർ പതിഞ്ഞതും സഹായമായി.തുടക്കത്തിൽ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമാകാതിരുന്നത് പൊലീസിനെ വലച്ചിരുന്നെങ്കിലും നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ലഭിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയതും നിർണായക വിവരങ്ങൾ ലഭിക്കുന്നതിന് സഹായിച്ചു.