cc

വർക്കല: കയർ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പദ്ധതി വിതരണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. കേരളത്തിലെ കയർ സഹകരണ സംഘങ്ങളിൽ നിന്നു വിരമിച്ച 346 ജീവനക്കാരുടെ ലിസ്റ്റിൽ നിന്നു 75 വയസ് കഴിഞ്ഞ 95 ജീവനക്കാർക്ക് മാത്രമാണ് പെൻഷൻ ഇതുവരെ ലഭിച്ചത്. അവശേഷിക്കുന്ന കേരളത്തിലെ 251 കയർ സഹകരണ സംഘങ്ങളിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. 25ഉം 30ഉം വർഷം കയർ സംഘങ്ങളിൽ പണിയെടുത്തവരാണ് പെൻഷനു വേണ്ടി നെട്ടോട്ടമോടുന്നത്. കേരളത്തിലെ കയർ മേഖലയിൽ 565 സംഘങ്ങളാണ് രജിസ്റ്റർ ചെയ്തു നിലവിൽ പ്രവർത്തിക്കുന്നത്. 77 കാലഘട്ടങ്ങളിൽ പ്രവർത്തിച്ച ജീവനക്കാരാണ് പെൻഷനുവേണ്ടി ഇപ്പോൾ അധികൃതരുടെ കനിവും കാത്തു കഴിയുന്നത്. 2019 ൽ എൽ.ഡി.എഫ് സർക്കാരാണ് പെൻഷൻ നൽകാൻ നിർദേശം നൽകിയത്. ഇത് പ്രകാരം പെൻഷൻ ബുക്കുകളും കൈമാറിയിരുന്നു. ഇവ പൂരിപ്പിച്ച് കയർ പ്രോജക്ട് ഓഫീസ് മുഖാന്തരം ബോർഡിന് കൈമാറിയിരുന്നു. എന്നാൽ മുഴുവൻ പേർക്കും പെൻഷൻ വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആക്ഷേപവുമുണ്ട്.
കയർ സഹകരണ സംഘങ്ങളിൽ നിന്നു വിരമിച്ച നിരവധി പേർ ഇതിനോടകം തന്നെ മരണപ്പെട്ടിട്ടുണ്ട്. കയർ സഹകരണ സംഘങ്ങളിൽ തുച്ഛമായ വേതനത്തിന് ദീർഘകാലം സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോയവരും നിലവിൽ അവശത അനുഭവിക്കുന്നവരുമാണ് ഇന്ന് ഏറെ വിഷമതകൾ അനുഭവിക്കുന്നത്. ബന്ധപ്പെട്ട വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കയർ സഹകരണ സംഘങ്ങളിൽ നിന്നു വിരമിച്ച ജീവനക്കാരുടെ തീരുമാനം.

വിരമിച്ചത് - 346 ജീവനക്കാർ

പെൻഷൻ ലഭിച്ചത് - 95 പേർക്ക് മാത്രം

പെൻഷൻ നൽകാൻ ഉത്തരവ് വന്നത് - 2019ൽ

കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത് 565 സഹകരണ സംഘങ്ങൾ

പെൻഷൻ തുക - പ്രതിമാസം 3000 രൂപ

 മരണാനന്തരം ആശ്രിതർക്ക് - 2000 രൂപ.