sona

പതിനാലാം വയസിൽ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങൾ പോൺ സൈറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഡി.ജി.പിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് തുറന്നുപറഞ്ഞ് അഭിനേത്രിയും നിയമ വിദ്യാർത്ഥിനിയുമായ സോന എം. എബ്രഹാം. ഡബ്ല്യു.സി.സിയുടെ റഫ്യൂസ് ദ അബ്യൂസ് ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഫേസ് ബുക്ക് വീഡിയോയിലൂടെ സോന പ്രതികരിച്ചത്. ഫോർ സെയിൽ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴായിരുന്നു ദുരനുഭവം നേരിട്ടതെന്നും സോന എം. എബ്രഹം പറഞ്ഞു. മുകേഷ്, കാതൽ സന്ധ്യ തുടങ്ങിയവരഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സതീഷ് അനന്തപുരിയായിരുന്നു. ആന്റോ കടവേലിലാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഇളയ സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന കഥാപാത്രമാണ് കാതൽ സന്ധ്യയുടേത്. അനുജത്തിയായി വേഷമിട്ടത് താനായിരുന്നുവെന്നും താൻ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സംവിധായകന്റെ കലൂരിലെ ഓഫീസിൽ വച്ചാണ് ചിത്രീകരിച്ചതെന്നും താരം വീഡിയോയിൽ വെളിപ്പെടുത്തുന്നു. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങൾ യൂട്യൂബിലും പോൺ സൈറ്റുകളിലും തീർത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വർഷങ്ങളായി ഇതിൽ സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും സോന പറയുന്നു. ഇരുവർക്കും ചിത്രത്തിന്റെ എഡിറ്റർക്കും മാത്രം ആക്സസ് ഉണ്ടായിരുന്ന ദൃശ്യങ്ങൾ എങ്ങനെ പോൺ സൈറ്റുകളിലടക്കം പ്രചരിച്ചുവെന്നതിന് പൊലീസിന് ഇത്ര വർഷമായിട്ടും ഉത്തരമില്ലെന്നും സോന പറഞ്ഞു. സുഹൃത്തുക്കൾ, ബന്ധുക്കൾ,ആദ്ധ്യാപകർ എന്നിവരൊക്കെ തന്നെ സംശയത്തോടെ നോക്കുന്നു. വീട്ടുകാർക്ക് വളരെ സ്‌നേഹവും എന്റെ കഴിവിൽ നല്ല വിശ്വാസവുമുണ്ട്. എന്നാൽ സിനിമ എന്ന് കേൾക്കുമ്പോൾ ഈ സംഭവത്തോടെ അവർക്ക് പേടിയാണെന്നും സോന പറയുന്നു. ആറേഴ് വർഷമായി അധിക്ഷേപം നേരിടുകയാണ്. അത് എന്നെ എത്രമാത്രം ദുർബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. അതിന്റെ ഡിപ്രഷനിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല. എന്നാലും നിങ്ങളെ സാദാചാര വാദികളെ തങ്ങൾക്ക് പേടിയില്ല. അധിക്ഷേപങ്ങൾക്കെതിരെ പോരാടുന്നവർക്കൊപ്പം നിൽക്കുന്നെന്നും സോന പറയുന്നു. നേരത്തെ നടിമാരായ മഞ്ജു വാര്യർ, നിമിഷ സജയൻ, സാനിയ ഇയ്യപ്പൻ, അന്ന ബെൻ, ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവർ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

ആറേഴ് വർഷമായി അധിക്ഷേപം നേരിടുകയാണ്. അത് എന്നെ എത്രമാത്രം ദുർബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. അതിന്റെ ഡിപ്രഷനിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല.

- സോന