v

വെഞ്ഞാറമൂട്: വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പേടി സ്വപ്നമായി മാറിയിരിക്കയാണ് സംസ്ഥാന പാതയിലെ പെരുകൂർ മുതൽ വേറ്റിനാട് വരെയുള്ള ഭാഗം. റോഡിന് ഇരുവശവും കാടുകൾ വളർന്ന് ടാറിംഗിന് അടുത്ത് വരെ എത്തിനിൽക്കുന്നു.

വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് ഇറങ്ങി നടക്കാൻ വഴിയില്ലാതായിരിക്കുകയാണ്.

പെരുംകൂർ തമ്പുരാൻ ക്ഷേത്രത്തിന് മുൻവശത്തുള്ള ഭാഗത്ത് ഓടകൾ ഇല്ലാത്തതിനാൽ നീരുറവകളിലെ ജലം റോഡിലൂടെയാണ് ഒഴുകുന്നത്. സമീപത്തുള്ള മതിൽകെട്ട് ഇടിഞ്ഞ് കരിങ്കല്ലുകൾ റോഡിലേക്ക് ഇറങ്ങി കിടക്കുന്നുണ്ട്. വെള്ളകെട്ട് രൂപപ്പെട്ടിരിക്കുന്ന ഈ ഭാഗത്ത് റോഡിന് ഇരുവശവും കാട് പടർന്ന് കയറിയതിനാൽ കാൽനടയാത്രക്കാർക്ക് ഈ ഭാഗത്ത് എത്തുമ്പോൾ ജീവൻ രക്ഷിക്കാൻ ഓടി മാറേണ്ട ഗതികേടിലാണ്. റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ റോഡിന് സമിപത്തെ കാടുകൾ വെട്ടിതെളിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.