
നരിക്കൂട്ടുംചാൽ: ചെവിയും കണ്ണും നാക്കുമെല്ലാം ചതിച്ചെങ്കിലും വിധിയെ കൂസാതെ ഏഴുപതിറ്റാണ്ടായി കഴിയുന്നൊരാൾ കായക്കൊടി കരണ്ടോട് ഗ്രാമത്തിലുണ്ട്. കുന്നോത്ത് കുന്നുമ്മൽ കുമാരൻ. വീട്ടിൽ നിന്നും ഒരു വടിയുടെ മാത്രം സഹായത്താൽ മാത്രം ഇദ്ദേഹം നാട്ടിലെ മുക്കിലും മൂലയിലുമെത്തും. കാരുണ്യമുള്ളവരുടെ സഹായവുമായി തിരിച്ച് കാൽവിരലിന് പോലും പോറലേൽക്കാതെ തിരിച്ച് വീട്ടിലേക്ക്. എഴുപത് പതിറ്റാണ്ടുകളായി ഈ ശീലം തുടങ്ങിയിട്ട്. നരിക്കൂട്ടുംചാൽ, കരണ്ടോട് റേഷൻ ഷാപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ്ഥിരമായ സഞ്ചാരം. എവിടെ പോയാലും കൃത്യമായി വീട്ടിലെത്തും. ചായ നിർബന്ധമായ ഇദ്ദേഹം പരിചയക്കാർ വാങ്ങി കൊടുത്താലേ കുടിക്കൂ. കൈ സ്പർശിച്ചാണ് ആളുകളെ തിരിച്ചറിയുക. പൈസ കൊടുത്താൽ തടവിനോക്കി മനസിലാക്കും.
പരേതരായ താനിയുള്ളതിൽ ആണ്ടിയുടെയും മാണിയുടെയും രണ്ടാമത്തെ മകനായ കുമാരന് രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് അസുഖം ബാധിച്ചത്. ചികിത്സകൾ നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല.
ഇപ്പോഴും സ്വന്തം കാര്യങ്ങൾക്കായി ആരെയും ആശ്രയിക്കാത്ത പ്രകൃതമാണ് കുമാരന്. വീടിന് സമീപത്തായുള്ള പുള്ളിനോട്ട് ക്ഷേത്രക്കുളത്തിലാണ് കുളി. വസ്ത്രങ്ങൾ സ്വന്തമായി അലക്കും. തലചുമടായി വെള്ളം എത്തിക്കുന്ന ശീലത്തിലും മാറ്റമില്ല. ആളുകൾ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കുക. ബേക്കറി സാധനങ്ങളോടാണ് ഇഷ്ട്ടം. പരിചയമുള്ളവർ കല്യാണത്തിനും മറ്റ് വിശേഷങ്ങൾക്കും ക്ഷണക്കത്ത് കൈയ്യിൽ കൊടുത്ത് വിളിച്ചാൽ കൊടുത്ത ആളുടെ കൈമണത്തു നോക്കും. പിന്നെ സംശയിക്കേണ്ട പരിപാടിക്ക് കുമാരൻ എത്തിയിരിക്കും.
കുമാരൻ ഇപ്പോൾ സഹോദരന്റെ കുടുംബത്തോടൊപ്പം ലക്ഷംവീട് കോളനിയിലാണ് താമസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മാണത്തിനായി തുടക്കം കുറിച്ച ഈ കുടുംബത്തിന് ഉദാരമതികളുടെ സഹായം ഉണ്ടെങ്കിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും.