
ട്രഷറിയിൽ സ്ഥിരം നിക്ഷേപമുള്ളവരിൽ നല്ലൊരു ശതമാനവും സർവീസ് പെൻഷൻകാരാണ്. അവരിൽ പലരും മക്കളോടൊപ്പം സംസ്ഥാനത്തിന് പുറത്തും വിദേശത്തും താമസിക്കുന്നവരാണ്. അങ്ങനെയുള്ളവരുടെയും പ്രായവും രോഗവും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നാട്ടിലുള്ളവരുടെയും കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപങ്ങൾ യഥാസമയം ട്രഷറിയിൽ നേരിട്ട് വന്നു പുതുക്കി ഇടാൻ കഴിയില്ല.
എസ്.ബി.ഐയിൽ സ്ഥിരം നിക്ഷേപമുള്ളവരുടെ കാലാവധി കഴിഞ്ഞ സ്ഥിരം നിക്ഷേപങ്ങൾ അവരുടെ അസാന്നിദ്ധ്യത്തിൽ ബാങ്ക് തന്നെ പുതുക്കി നൽകുന്നുണ്ട്. ഇതുപോലെ കാലാവധി പൂർത്തിയായ ട്രഷറി നിക്ഷേപങ്ങൾ നിക്ഷേപകർ ട്രഷറിയിൽ നേരിട്ട് ഹാജരാകാതെ തന്നെ പുതുക്കി നൽകാൻ അധികൃതർ സന്മനസ് കാട്ടണം.
ആർ. പ്രകാശൻ ,
ചിറയിൻകീഴ്.
ടി.ടി.സി പാസായവരെ
നിയമിക്കണം
കേരള പബ്ലിക് സർവീസ് കമ്മിഷൻ, രണ്ടു മൂന്നു മാസം മുമ്പ് ലോവർ പ്രൈമറി സ്കൂളുകളിൽ (മലയാളം മീഡിയം) ടീച്ചർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത (i) എസ്.എസ്.എൽ.സി, ടി.ടി.സി, ടി.ഇ ടെസ്റ്റ് (ii) പ്ളസ് ടു, ടി.ടി.സി, ടി.ഇ ടെസ്റ്റ്, (iii) എം.എഡ്, പി.എച്ച്.ഡി എന്നിവയാണ്. അതിൽ മൂന്നാമതു പറയുന്ന ഹൈ ക്വാളിഫിക്കേഷൻ ഉള്ളവർക്ക് ടി.ഇ ടെസ്റ്റ് യോഗ്യത വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ എസ്.എസ്.എൽ.സി, പ്ളസ് ടു, ടി.ടി.സി യോഗ്യത നേടിയ സാധാരണക്കാർക്ക് ടി.ഇ ടെസ്റ്റ് യോഗ്യത ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ എന്ന് പറയുന്നു. ടി.ടി.സി യോഗ്യത കഷ്ടപ്പെട്ട് പാസായ സാധാരണക്കാർക്ക് കയറിപ്പറ്റാൻ ഉണ്ടായിരുന്ന തസ്തികയാണ് ലോവർ പ്രൈമറി (മലയാളം മീഡിയം) സ്കൂളുകളിലെ ടീച്ചർ തസ്തിക. അത് വലിയ ഡിഗ്രികൾ നേടിയവർക്ക് നൽകിയാൽ സർക്കാർ ഓഫീസുകളിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന, അറ്റൻഡർ, പ്യൂൺ, സ്വീപ്പർ തസ്തികകളും ഇതേപോലെ ഉയർന്ന പരീക്ഷായോഗ്യതകളുള്ളവർക്ക് പോകും.
ഇതിൽ ഏറ്റവുമധികം നഷ്ടമുണ്ടാകുന്നത് സാധുക്കളായ പട്ടികവിഭാഗക്കാർക്കാണ്.
നായനാർ സർക്കാരും വി.എസ്. അച്യുതാനന്ദൻ സർക്കാരും എസ്.എസ്.എൽ.സിയും ടി.ടി.സിയും പാസായവരെയാണ് ഈ തസ്തികയ്ക്ക് പരിഗണിച്ചിരുന്നത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും ആ പാത പിന്തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
എസ്. വിശ്വംഭരൻ
തുണ്ടത്തിൽ
ഗുരുദേവ പ്രതിമ
നാടൊട്ടുക്ക് ഗുരുമന്ദിരങ്ങളും അവിടെല്ലാം ഗുരുവിന്റെ പ്രതിമകളുമുണ്ട്. എന്നാൽ സർക്കാർ സ്ഥലത്ത് സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലസ്ഥാനത്ത് ഒരു ഗുരു പ്രതിമ സ്ഥാപിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്.
സർക്കാർ സ്ഥലത്ത് സർക്കാർ ചെലവിൽ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചപ്പോൾ അത് രാജ്യത്തുള്ള എല്ലാവർക്കും അവകാശപ്പെട്ടതായി. എല്ലാവർക്കും സ്വന്തമായി. സർക്കാരിന്റെ ലക്ഷ്യവും അതായിരുന്നു. അതുപോലെ പ്രതിമ സ്ഥാപിച്ചയിടം 'ഒബ്സർവേറ്ററി ഹിൽസ് " ഭാവിയിൽ 'ഗുരുദേവഗിരി" എന്ന പേരിൽ അറിയപ്പെടില്ലെന്ന് ആർക്കറിയാം.
രാഷ്ട്രീയമായി പിണറായി സർക്കാരിനെ എതിർക്കുന്നവർപോലും ആശയപരമായി സർക്കാരിനെ അനുകൂലിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന രണ്ടു നല്ല കാര്യങ്ങളാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയും തലസ്ഥാനത്തെ ഗുരുദേവ പ്രതിമാ സ്ഥാപനവും.
ബാബുസേനൻ അരീക്കര,
ചെങ്ങന്നൂർ
തൊഴിൽ മാതൃക
കൂലിപ്പണിക്ക് ആളെ കിട്ടാത്ത സാഹചര്യം മാറ്റിയെടുക്കാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ കൈക്കൊണ്ട നടപടി തികച്ചും അനുകരണീയം തന്നെ. ഉടുപ്പ് ഉലയാത്ത ജോലിയാണ് ഉചിതമെന്ന സങ്കല്പം മാറ്റിയെടുക്കാൻ കേരളകൗമുദി വാർത്തയും എഡിറ്റോറിയലും ഉചിതമായി.
അബ്ദുൽ വാഹിദ്,
കല്ലറ
മനുഷ്യജീവന്റെ വില
ആതുര സേവകരുടെ സേവനം കേരളമാകെ വാഴ്ത്തപ്പെടുന്ന സമയത്ത് നഴ്സുമാരുടെ വീഴ്ചയിൽ രോഗികൾ മരിച്ച വാർത്ത ആരെയും ഞെട്ടിക്കുന്നതാണ്. മഹാമാരിയുടെ ഇൗ സമയത്ത് ഉൗണും ഉറക്കവും പോലും ഇല്ലാതെ അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാരിൽ വളരെ ചെറിയൊരു വിഭാഗം അലസമായും അശ്രദ്ധമായും പണിചെയ്യുന്നതിന്റെ ഫലമാണിത്. ഏറ്റവും വിലപ്പെട്ട മനുഷ്യജീവന്റെ മൂല്യം എല്ലാവരും തിരിച്ചറിയണം.
വീരാൻകുട്ടി,
കരുനാഗപ്പള്ളി