g

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ ഏലാപ്പുറം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അനധികൃത ചന്ത യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായി മാറുന്നു. ലോക്ക് ഡൗൺ കാലത്ത് തൊട്ടടുത്തു പ്രവർത്തിച്ചിരുന്ന കീഴാറ്റിങ്ങൽ പൊതുമാർക്കറ്റ് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചു. ഈ സമയത്ത് ചന്തയിൽ കച്ചവടം ചെയ്യാൻ കഴിയാതായതോടെ ചില കച്ചവടക്കാർ ഏലാപ്പുറം ജംഗ്ഷനിൽ ചേക്കേറുകയായിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ വന്ന് ചന്ത പുനരാരംഭിച്ചെങ്കിലും ഇവർ അനധികൃത ചന്തയിൽ തന്നെ താവളമുറപ്പിച്ചിരിക്കുകയാണ്.

പൊതുവേ താഴ്ന്ന പ്രദേശമാണ് ഏലാപ്പുറം ജംഗ്ഷൻ. മണനാക്ക് കീഴാറ്റിങ്ങൽ പ്രദേശങ്ങളിൽ നിന്നും രണ്ട് ഇറക്കങ്ങൾ ഇറങ്ങിവരുന്ന വലിയ വാഹനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനായി റോഡിൽ തന്നെ നിറിത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ അപകടഭീഷണിയാകുന്നു. കാൽനട യാത്രക്കാർ പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. അനധികൃത ചന്തയ്ക്ക് സമീപത്തായാണ് വൈ.എൽ.എം.എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. കൊവിഡ് കാലമായതിനാൽ സ്കൂൾ പ്രവർത്തിക്കുന്നില്ല. സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് അപകടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. അനധികൃതമായി പ്രവർത്തിക്കുന്ന ചന്തയ്ക്കെതിരെ പലതവണ അധികൃതർക്ക് പരാതി നൽകിയതായി നാട്ടുകാർ പറയുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.