തെലുങ്കിലെ നമ്പർ വൺ നായികയായ പൂജ ഹെഗ്ഡേ ബോളിവുഡിൽ സൽമാൻ ഖാന്റെയും രൺവീർ സിംഗിന്റെയും
നായികയാകാനൊരുങ്ങുന്നു

അല്ലു അർജുനും ജയറാമും ഒന്നിച്ച ഭിനയിച്ച അല വൈകുണ്ഡ പുരമുലോ (മലയാളം പതിപ്പ് - അങ്ങ് വൈകുണ്ഠപുരത്ത്) കണ്ടവരാരും അതിലെ നായിക വേഷമവതരിപ്പിച്ച പൂജാ ഹെഗ്ഡേയെ മറക്കില്ല.
കന്നഡിഗരായ മാതാപിതാക്കളുടെ മകളായി മുംബയിൽ ജനിച്ച് വളർന്ന പൂജാ ഹെഗ്ഡേ ഇപ്പോൾ തെലുങ്കിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയാണ്.2009-ലെ മിസ് ഇന്ത്യാ മത്സരത്തിൽ മിസ് ഇന്ത്യ ടാലന്റ്പുരസ്കാരം നേടിക്കൊണ്ടാണ് പൂജ 'ലൈം ലൈറ്റിലേക്ക് ചുവടുവയ്ക്കുന്നത്.2012-ൽ മിഷ്ക്കിൻ സംവിധാനം ചെയ്ത മുഖം മൂടി എന്ന ചിത്രത്തിലൂടെ സിനിമയിലെ അരങ്ങേറ്റം. തമിഴിലെ തുടക്കത്തിന് ശേഷം അടുത്ത ചിത്രം തെലുങ്കിൽ ഒക്ക ലൈലു കോശം. അശുതോഫ് ഗൗരിക്കറിന്റെ മോഹൻജദാരോയിൽ ഋത്വിക്ക് റോഷന്റെ നായികയായി. പക്ഷേ ആ സിനിമ ദയനീയ പരാജയമായി.
പക്ഷേ അല്ലു അർജുനൊപ്പം ദുവ്വഡ ജഗന്നാഥം (ഡി.ജെ), ജൂനിയർ എൻ.ടി. ആറിനൊപ്പം അരവിന്ദ സമേത വീര രാഘവ, അല്ലുവിന്റെ തന്നെ അല വൈകുണ്ഠു പുരമുലോ എന്നീ സിനിമകളുടെ ബോക്സാഫീസ് വിജയം പൂജയെ തെലുങ്കിലെ താരറാണിയാക്കി.
തെലുങ്കിൽ താരറാണിയായിരിക്കുമ്പോൾത്തന്നെ ബോളിവുഡിലും വെന്നിക്കൊടി പാറിക്കുകയാണ് പൂജാ ഹെഗ്ഡെ.
ഹൗസ് ഫുൾ - 4ന്റെ വിജയം ബോളിവുഡിന്റെ സൂപ്പർ താരം സൽമാൻ ഖാന്റെ നായികാ പദവി അലങ്കരിക്കാനുള്ള ഭാഗ്യം പൂജയ്ക്ക് നേടിക്കൊടുത്തു. കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല.
ബോളിവുഡിലെ ഹിറ്റ് മേക്കർ രോഹിത് ഷെട്ടി ഒരുക്കുന്ന രൺവീർ സിംഗ് ചിത്രമായ സർക്കസിലും പൂജയാണ്നായികയെന്നതാണ് പുതിയ വാർത്ത.പ്രഭാസിന്റെനായികയായി രാധേ ശ്യാം എന്ന ചിത്രത്തിലഭിനയിച്ച് വരികയാണ് പൂജ ഇപ്പോൾ.