
സംസ്ഥാന സർക്കാർ ഇടങ്കോലിടാതിരുന്നുവെങ്കിൽ തിരുവനന്തപുരം വിമാനത്താവളം ഇതിനകം പതിറ്റാണ്ടായി കാത്തിരിക്കുന്ന വികസന ലക്ഷ്യം പൂർത്തീകരിക്കുമായിരുന്നു. വൻ വികസനം ലക്ഷ്യമിട്ട് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി കമ്പനിക്കു കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാരടക്കം സമർപ്പിച്ചിരുന്ന എട്ട് ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞിരിക്കുകയാണ്. നേരത്തെ സിംഗിൾ ബെഞ്ചും സമാന വിധിയാണു പുറപ്പെടുവിച്ചത്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വീണ്ടും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ഉത്തരവ്. തുടർന്നാണ് പ്രശ്നം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയത്. സിവിൽ വ്യവഹാരങ്ങളിൽ ലഹരി തലയ്ക്കു പിടിച്ച് കോടതികൾ കയറിയിറങ്ങുന്ന പഴയ ജന്മിമാരെപ്പോലെ ഹൈക്കോടതിയുടെ പുതിയ വിധിക്കെതിരെയും സുപ്രീംകോടതിയിൽ പോകാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാരെന്ന് സൂചനകൾ വന്നുകഴിഞ്ഞു. പൊതു ഖജനാവ് കൂടുതൽ ശോഷിക്കാമെന്നല്ലാതെ എന്തു പൊതുതാത്പര്യമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടാൻ പോകുന്നതെന്ന് നിശ്ചയമില്ല.
സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. ആദ്യ അന്താരാഷ്ട്ര വിമാനത്താവളമെന്ന പെരുമയും ഇതിനാണ്. എന്നാൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം വിമാനത്താവളം എല്ലാ നിലകളിലും തുലോം പിറകിലാണെന്നു ബോദ്ധ്യമാകും. കാലാനുസൃതമായ ഒരു പുരോഗതിയും നേടാൻ കാലമിത്രയുമായിട്ടും ഈ വിമാനത്താവളത്തിനു സാധിച്ചിട്ടില്ല. ഇപ്പോൾ അതിന്റെ നടത്തിപ്പു ലഭിക്കാൻ നിയമ പോരാട്ടം നടത്തുന്ന സംസ്ഥാന സർക്കാരിനും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകുക എന്നത് കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണ്. ഇതിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം സർക്കാരിന്റെ നിയമോപദേശകർ ശ്രദ്ധയോടെ വായിക്കേണ്ടതു തന്നെയാണ്. പാട്ടക്കരാർ അനുവദിച്ചതിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഇടപെടാനേ ഏതു കോടതിക്കും കഴിയൂ. വിമാനത്താവളത്തിന്റെ കാര്യത്തിൽ എല്ലാ അംഗീകൃത നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ആഗോള ടെൻഡർ ക്ഷണിച്ച് പാട്ടക്കരാർ നൽകപ്പെട്ടത്. ടെൻഡറിൽ കേരള സർക്കാരിന്റെ കമ്പനിയും പങ്കെടുത്തെങ്കിലും വിജയിച്ചില്ല. ലേലത്തിൽ തോറ്റശേഷം അതിനെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചതിനെ ഡിവിഷൻ ബെഞ്ച് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഞ്ചതന്ത്രം കഥയോട് ഉപമിച്ചതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിൽ വളർന്നു വികസിക്കേണ്ടത് കേരളത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണ്. ഇപ്പോൾ അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരു മാത്രമേ ഉള്ളൂ. ഈ വിമാനത്താവളത്തിൽ വന്നു പോകുന്ന ഏതു യാത്രക്കാരനോട് ആരാഞ്ഞാലും തൃപ്തിയോടെയുള്ള ഒരുത്തരം ലഭിക്കുമെന്നു തോന്നുന്നില്ല.
മുതൽ മുടക്കാൻ ശേഷിയും നവീന കാഴ്ചപ്പാടുമുള്ള ആൾക്കാർ നടത്തിപ്പുകാരായി വന്നാൽ കുറഞ്ഞ കാലം കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയം വേണ്ട. അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ഉണ്ടായിട്ടും ഗൾഫ് രാജ്യങ്ങളിലേക്കുള്ള പതിവു സർവീസുകളല്ലാതെ പുതിയ അന്താരാഷ്ട്ര സർവീസുകൾ ഒന്നുപോലും ഇവിടെ നിന്നില്ല. ആഭ്യന്തര സർവീസുകളുടെ കാര്യത്തിലും ഈ കുറവ് കാണാം. മീറ്റർ ഗേജ് റെയിൽ പാത ഉണ്ടായിരുന്ന കാലത്തെന്നപോലെ മാറി മാറി കയറിവേണം ഏറെ അകലെയല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ചെന്നെത്താൻ.
വികസനത്തിനായി വൻതോതിൽ പണം മുടക്കേണ്ടിവരുന്ന സ്വകാര്യ കമ്പനി അതു തിരിച്ചുപിടിക്കാൻ പുതിയ മാർഗങ്ങൾ തേടാതിരിക്കില്ല. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പുതിയ സർവീസുകൾ, ബിസിനസ് സംരംഭങ്ങൾ, വരുമാന വർദ്ധന ലക്ഷ്യമാക്കിയുള്ള ഇതര സേവന മാതൃകകൾ തുടങ്ങിയവ എത്തുമ്പോൾ അതിന്റെ നേട്ടം നടത്തിപ്പുകാർക്കു മാത്രമല്ല പരോക്ഷമായി നഗരവാസികൾക്കു കൂടി ലഭിക്കും. വരാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിനും കഴക്കൂട്ടത്തെ ഐ.ടി സ്ഥാപനങ്ങൾക്കും നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വളർച്ച നിർണായകമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രാഷ്ട്രീയ താത്പര്യങ്ങൾക്കതീതമായി പ്രശ്നത്തെ സമീപിക്കുന്ന സകലരും വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുന്നവരാണെന്ന വസ്തുത മറന്നുകൂടാത്തതാണ്.
വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതു തീരുമാനത്തിലും പ്രധാനവും പ്രഥമവുമായി പരിഗണിക്കേണ്ടത് ജനതാത്പര്യമാണ്. ജനതാത്പര്യമെന്നാൽ യാത്രക്കാരുടെ താത്പര്യങ്ങൾ. പൊതുമേഖല നിലനിൽക്കണമെന്നും വളരണമെന്നും ആഗ്രഹിക്കുന്നത് തെറ്റൊന്നുമല്ല. അതേസമയം പൊതുമേഖലയുടെ ദൗർബല്യങ്ങൾ പലതും ദ്രുതഗതിയിലുള്ള അവയുടെ വളർച്ചയ്ക്ക് തടസമാകാറുമുണ്ട്. വിമാനത്താവള നടത്തിപ്പ് പാട്ടത്തിനു നൽകുന്നതുകൊണ്ട് എയർപോർട്ട് അതോറിട്ടിക്ക് നഷ്ടമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല വൻ ലാഭവും ഉണ്ടാകുന്നുണ്ട്.
നിലവിലുള്ള ജീവനക്കാരുടെ ഭാവിയെക്കുറിച്ചും ഉത്കണ്ഠ വേണ്ടെന്നാണ് അധികൃതരുടെ വാദം. കേരള സർക്കാർ വിമാനത്താവളത്തിന്റെ വികസനത്തിനായി നേരത്തെ 27 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകിയിരുന്നു. പുതിയ വികസനത്തിനായി 18 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടി എടുക്കുന്നതിനിടയിലാണ് പാട്ടക്കരാറുമായി കേന്ദ്രം വന്നത്. ഇനി ഭൂമി ഏറ്റെടുത്തു നൽകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
വിമാനത്താവളമിരിക്കുന്ന ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിനായതിനാൽ അതിന്റെ നടത്തിപ്പിലും അവകാശം വേണമെന്ന വാദം ഉയർന്നുകേട്ടു. ബാലിശമായ വാദമാണത്. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകിയത് സംസ്ഥാനമാണ്. അതുപോലെ എത്രയോ കേന്ദ്ര സ്ഥാപനങ്ങൾക്കാവശ്യമായ സ്ഥലം ഇതുപോലെ നൽകിയിട്ടുണ്ട്. അവിടെയെല്ലാം നടത്തിപ്പ് അവകാശം വേണമെന്നു വാദിച്ചാൽ എന്താവും സ്ഥിതി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ലഭിച്ച അദാനി കമ്പനിക്ക് സംസ്ഥാനം ഒരു സൗകര്യവും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ. വിചിത്രമായ നിലപാടാണത്. വിമാനത്താവളത്തിന്റെ ഉപയോക്താക്കൾ സർക്കാരല്ല, യാത്രക്കാരാണെന്ന വിചാരം വേണം. സ്വകാര്യവത്കരണത്തോടുള്ള അന്ധമായ എതിർപ്പ് വിമാനത്താവളത്തിന്റെ വികസനത്തെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ഇടവരുത്താതിരിക്കട്ടെ.