പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡിൽ കാലൻകാവിനും ജവഹർ നവോദയ വിദ്യാലയത്തിനും മദ്ധ്യേയുള്ള റോഡിലും ജനവാസ മേഖലയിലും മാലിന്യങ്ങൾ സാമൂഹ്യവിരുദ്ധർ വലിച്ചെറുയുന്നത് കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. ജവഹർ നവോദയ വിദ്യാലയത്തിൽ അന്യജില്ലകളിൽ നിന്നുള്ള കുട്ടികളും താമസിച്ച് പഠിക്കുന്നുണ്ട്. ഇപ്പോൾ കുട്ടികളില്ലെങ്കിലും അദ്ധ്യാപകരും, അനദ്ധ്യാപകരും ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ചാക്കുകളിലാക്കിയ കോഴിവേസ്റ്രും ഹോട്ടൽ മാലിന്യങ്ങളും, അറവുശാലയിലെ മാലിന്യങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. രാത്രിയിൽ ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം മൂലമുണ്ടാകുന്ന ദുർഗന്ധം കാരണം ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാത്രമല്ല പ്രദേശമാകെ പകർച്ചവ്യാധി ഭീഷണിയിലുമാണ്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കെതിരെയും ഹോട്ടലുകൾക്കെതിരെയും പൊലീസും വനംവകുപ്പും ആരോഗ്യവകുപ്പും അടിയന്തരമായി നടപടിയുണ്ടാകണമെന്നും പ്രദേശത്തെ ഫാമുകളിൽ പരിശോധന നടത്തണമെന്നും കൂടാതെ മാലിന്യ നിക്ഷേപം വ്യാപകമായ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടപടിയുമായി വനംവകുപ്പ്

പാലോട്: മാലിന്യ നിക്ഷേപം രൂക്ഷമായ സുമതി വളവ് എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് വനം വകുപ്പ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ ഭരതന്നൂർ വരെയുള്ള പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതേ തുടർന്ന് പാലോട് റേഞ്ച് ഭരതന്നൂർ സെക്ഷനിലെ കൊച്ചാലുമ്മൂട് വനഭഗത്ത് മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം കൊണ്ടുവന്ന കാറും പിടികൂടി. കൊച്ചാലുമ്മൂട് സ്വദേശികളായ ഷബാനു, അൽത്താഫ് ,അഭിജിത്ത് എന്നിവരെയും മാലിന്യം കൊണ്ടുവന്ന മാരുതി ആൾട്ടോ കാറുമാണ് പാലോട് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നെെറ്റ് പെട്രോളിംഗ് ശക്തമാക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.