
കൊവിഡിൽ ഇത്തിരി പതിഞ്ഞെങ്കിലും വൻകുതിപ്പുകളുമായി ഗംഭീര പ്രകടനത്തിനു തയ്യാറെടുക്കുകയാണ് രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഐ.എസ്.ആർ.ഒ. ഇൗ വർഷം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന പല പരീക്ഷണങ്ങളും കൊവിഡ് കാരണം നീട്ടിവയ്ക്കേണ്ടിവന്നു. വിക്ഷേപണങ്ങൾ മുടങ്ങി. വാണിജ്യ വിക്ഷേപണങ്ങൾ മാറ്റിവച്ചു. ഗഗൻയാൻ പോലെ സമയബന്ധിതമായി പൂർത്തിയാക്കേണ്ട വമ്പൻ പദ്ധതികളുടെ മുന്നൊരുക്കങ്ങളും വൈകി. ബഹിരാകാശ യാത്രികരുടെ പരിശീലനം തുടങ്ങി പലതും മാറ്റിവയ്ക്കേണ്ടിവന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നുതുടങ്ങിയതോടെ അടുത്തമാസം മുതൽ വിക്ഷേപണങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇസ്രോ! പി.എസ്.എൽ.വി.സി 49 റോക്കറ്റ് അടുത്ത മാസം കുതിച്ചുയരുന്നതോടെ ഐ.എസ്.ആർ.ഒ പതിവു ശൈലിയിലേക്ക് തിരിച്ചെത്തും. ഉടനടി നാലു വിക്ഷേപണങ്ങളാണ് നടത്തുക.
ഇൗ വർഷം മാർച്ച് അഞ്ചിന് നടത്താനിരുന്ന ജിസാറ്റ് 1, മൈക്രോസാറ്റ് 2എ, ജി.സാറ്റ് 12 ആർ, റിസാറ്റ് 2 ബി.ആർ 2 എന്നിവയാണ് ഉടൻ വിക്ഷേപിക്കുക. അതോടൊപ്പം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റ് പരീക്ഷണവും നടത്തും. ജിസാറ്റ് 1 ഉപഗ്രഹം ജി.എസ്.എൽ.വി റോക്കറ്റിലും മറ്റുള്ളവ പി.എസ്.എൽ.വിയിലുമാണ് നിർവഹിക്കുക.
ഉയർന്ന ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ള ശക്തിയേറിയ ഉപഗ്രഹമാണ് ജിസാറ്റ് 1, അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പെയ്സ് എക്സിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനത്തിന് ആവശ്യമായ ഉപഗ്രഹമാണ് മൈക്രോസാറ്റ് 2എ, ഇത് വാണിജ്യവിക്ഷേപണമാണ്. വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 12ന്റെ കാലാവധി പൂർത്തിയായതിനാൽ പകരം അയയ്ക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 12 ആർ. സൈനികാവശ്യത്തിനുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹമാണ് റിസാറ്റ് 2 ബി.ആർ.2.
ഗഗൻയാൻ മുതൽ
സ്‌പെയ്സ് സ്റ്റേഷൻ വരെ
അമ്പതു വർഷം പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ ഇപ്പോൾ പുതിയ കാൽവയ്പിലേക്കാണ്. ചരിത്രത്തിലാദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനും സ്പെയ്സ് ഷട്ടിൽ മാതൃകയിൽ ബഹിരാകാശത്തു പോയി മടങ്ങിയെത്താനാകുന്ന പുനരുപയോഗ റോക്കറ്റ് നിർമ്മിക്കാനുമുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു.
നിലവിൽ 49 ഉപഗ്രഹങ്ങൾ ആകാശത്തുണ്ട്. കൂടാതെ ഇതുവരെ 319 ഉപഗ്രഹങ്ങൾ 33 രാജ്യങ്ങൾക്കായി അയച്ചിട്ടുമുണ്ട്. ഇനി റോക്കറ്റ് നിർമ്മാണം, ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങൾ എന്നിവ സ്വകാര്യ മേഖലയ്ക്കു കൈമാറി, കൂടുതൽ സമഗ്രമായ പദ്ധതികളാണ് ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നത്. അതിൽ പ്രധാനമാണ് ഗഗൻയാൻ. ഇതിനു പുറമെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവറും ലാൻഡറും ഇറക്കാനുള്ള മൂന്നാം ദൗത്യം ഉടൻ പൂർത്തിയാകും.
ചൊവ്വയിലേക്ക് അടുത്ത ദൗത്യം, സൂര്യനെക്കുറിച്ച് പഠിക്കാൻ ആദിത്യ എൽ 1 ഉപഗ്രഹം, ശുക്രനെ അറിയാൻ ശുക്രയാൻ എന്ന പുതിയ ഉപഗ്രഹം, ബഹിരാകാശത്തേക്കു പോയി ഭൂമിയിൽ തിരിച്ചിറങ്ങാനാകുന്ന സ്പെയ്സ് ഷട്ടിൽ, ചെറിയ വിക്ഷേപണങ്ങൾക്കുള്ള മിനി റോക്കറ്റ്, ബഹിരാകാശത്തു താമസിച്ച് ഗവേഷണ- നിരീക്ഷണങ്ങൾ നടത്താനാകുന്ന സ്പെയ്സ് സ്റ്റേഷൻ വരെയാണ്, ഐ.എസ്.ആർഒയുടെ ഭാവിപദ്ധതികൾ.
അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികൾ
ഇന്ത്യൻ സ്‌പെയ്സ് ഷെട്ടിൽ
ബഹിരാകാശത്തു പോയി മടങ്ങിവരാൻ ശേഷിയുള്ള പുനരുപയോഗ റോക്കറ്റാണ് ഇത്. ഭൂമിയിൽ നിന്ന് ഒരു വസ്തുവുമായി ബഹിരാകാശത്തു പോയി മടങ്ങിവരുന്ന പരീക്ഷണങ്ങൾ അടുത്ത ഒരുവർഷത്തിനുള്ളിൽ നടത്തും. അമേരിക്കയുടെ മുൻ ബഹിരാകാശ ഷട്ടിലുകളുടെ മാതൃകയിൽ ഒന്നിലേറെ ദൗത്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും റൺവേയിൽ വിമാനം പോലെ ലാൻഡ് ചെയ്യുന്നതുമായ ആർ.എൽ.വി- ടി.ഡി (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ - ടെക്നോളജി ഡെമോൺസ്ട്രേഷൻ) എന്ന പേരിലുള്ള ഷട്ടിൽ ആണിത്.
ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൗമാന്തരീക്ഷത്തിൽ കടക്കുമ്പോഴുള്ള (റീ എൻട്രി) തീപിടിത്തസാദ്ധ്യത, അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനം, ഗതിനിർണയ സംവിധാനം, കമ്പ്യൂട്ടർ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ നിന്ന് കുതിച്ചുയർന്ന് ബഹിരാകാശത്തെത്തി ഭൂമിയെ വലംവെച്ച് തിരികെ ഭൂമിയിൽ ഇറങ്ങാനുള്ളതാണ് ഷട്ടിൽ. അതിന് കൂടുതൽ പരീക്ഷണങ്ങൾ വേണം. 2016 മേയ് 23 നാണ് ഷട്ടിൽ പരീക്ഷണത്തിന് തുടക്കമിട്ടത്. ഇതുവരെ 770 സെക്കൻഡ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ട്.
ഗഗൻയാൻ
ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ ബഹിരാകാശ യാത്രാപദ്ധതിയാണ് ഗഗൻയാൻ. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്. മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഇന്ത്യൻ പേടകത്തിൽ ഭൂമിയെ അഞ്ചു മുതൽ ഏഴുദിവസം വരെ വലംവയ്ക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ ഒന്നര മണിക്കൂറിൽ ഒരുതവണയാണ് ഭ്രമണം. പിന്നീട് സുരക്ഷിതമായി തിരിച്ചിറങ്ങും. കരുത്തുറ്റ ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം. ചെലവ് 10,000 കോടി.
2022 ൽ വിക്ഷേപണത്തിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. ഐ.എസ്.ആർ.ഒ-യുടെ വിവിധ കേന്ദ്രങ്ങളിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് ബംഗളൂരുവിലെ ഹ്യൂമൻ സ്‌പെയ്സ് ഫ്ളൈറ്റ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണ് സ്പെയ്സ് സ്യൂട്ട് നിർമ്മിക്കുന്നത്. ബഹിരാകാശ സഞ്ചാരികളാകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലനം റഷ്യയിൽ തുടങ്ങി.
ഇൻജക്‌ഷൻ, സെപ്പറേഷൻ, റീ എൻട്രി
ഗഗൻയാൻ പേടകം ബഹിരാകാശത്ത് ജി.എസ്.എൽ.വി റോക്കറ്റിൽ നിന്ന് സുരക്ഷിതമായി പുറംതള്ളുന്നതാണ് ഇൻജക്‌ഷൻ വേർപെട്ട ഗഗൻയാൻ സ്വതന്ത്രമായി മുന്നോട്ടു പോകുന്ന ഘട്ടമാണ് സെപ്പറേഷൻ ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത് റീ എൻട്രി പാഡ് അബോർട്ട്, താപപ്രതിരോധം, സോഫ്റ്റ് ലാൻഡിംഗ് തുടങ്ങി നിരവധി ടെസ്റ്റുകൾ അടുത്ത വർഷം നടത്തും.
ചന്ദ്രയാൻ 3
ചന്ദ്രനിൽ ഇന്ത്യൻ സ്പർശമെത്തിക്കാൻ ചന്ദ്രയാൻ വീണ്ടും മാർച്ച് മാസത്തിനകം കുതിക്കും. ചെയർമാൻ ഡോ.കെ.ശിവൻ ഉടൻ വിക്ഷേപണത്തീയതി പ്രഖ്യാപിക്കും. നിറയെ കാമറകളും നിരീക്ഷണ ഉപകരണങ്ങളുമായി ചന്ദ്രനെ ചുറ്റുന്ന ഒാർബിറ്റർ, ചന്ദ്രനിൽ ഇറങ്ങുന്ന വിക്രം ലാൻഡർ എന്ന പേടകം, പേടകത്തിനുളളിൽ നിന്ന് ചന്ദ്രന്റെ മണ്ണിലിറങ്ങി ചുവടുവയ്ക്കുന്ന പ്രജ്ഞാൻ റോവർ എന്നിവയുമായാണ് ചന്ദ്രയാൻ -2 കുതിച്ചത്. കഴിഞ്ഞ സെപ്തംബർ ഏഴിന് ചന്ദ്രനിലിറങ്ങാനുള്ള ലാൻഡറിന്റെ ശ്രമം വിജയിച്ചില്ല.
മൂന്നാം ചന്ദ്രയാൻ ദൗത്യം ഉടൻ തീരുമാനിച്ചെങ്കിലും, കൊവിഡ് ബാധ തടസ്സമായി. ഓർബിറ്റർ ഇല്ലാതെയാണ് ചന്ദ്രയാൻ- 3 കുതിക്കുക. പകരം ലാൻഡറിനെയും റോവറിനെയും വഹിക്കുന്ന പേടകമുണ്ടാകും. അത് ചന്ദ്രന്റെ ഉപരിതലം വരെ പോകും. കൂടുതൽ സൂഷ്മതയേറിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇക്കുറി രൂപകല്പന. റോവറും ലാൻഡറും കൂടുതൽ കരുത്തുറ്റതും അത്യാധുനിക സംവിധാനങ്ങളുള്ളതുമാണ്.
എസ്.എസ്.എൽ.വി.
വരും വർഷം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേതായിരിക്കും. 500 കിലോ വരെ ഭാരം ബഹിരാകാശത്തെത്തിക്കാൻ കഴിവുള്ള സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഐ.എസ്. ആർ.ഒയ്ക്ക് ലാഭം നേടികൊടുക്കും. വിക്ഷേപണച്ചെലവ് കുറയ്ക്കും, സ്വകാര്യപങ്കാളിത്തം കൂട്ടാൻ സഹായിക്കും തുടങ്ങി നിരവധി നേട്ടങ്ങളുണ്ട്. താഴ്ന്ന ഭ്രമണപഥങ്ങളിൽ 500 കിലോയും ഉയർന്ന ഭ്രമണപഥങ്ങളിൽ 300 കിലോയും വരെ എത്തിക്കാൻ എസ്.എസ്.എൽ.വിക്ക് കഴിയും. ചെറുകിട ഉപഗ്രഹങ്ങളുടെ വിക്ഷേപണാവശ്യം കൂടിവരുന്നത് കണക്കിലെടുത്താണിത്. ഒരുമാസത്തിനുള്ളിൽ ആദ്യ വിക്ഷേപണം. പിന്നീട് മാസത്തിൽ രണ്ടു വീതം. നിർമ്മാണം സ്വകാര്യമേഖലയെ ഏല്പിക്കാനും ആലോചനയുണ്ട്.
ആദിത്യ എൽ 1
സൂര്യനെക്കുറിച്ച് പഠിക്കാൻ ആദ്യമായി ഇന്ത്യ വിക്ഷേപിക്കുന്ന നിരീക്ഷണ പഠന ഉപഗ്രഹമാണ് ആദിത്യ എൽ 1. സൂര്യനോട് കൂടുതൽ അടുത്തുനിന്ന് അതിന്റെ പുറംപാളിയെക്കുറിച്ചും ആകർഷണശക്തിയുടെ മറ്റ് പ്രത്യേകതകളും അത് ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളും വിശദമായി പഠിക്കുകയാണ് ലക്ഷ്യം. എൽ 1 എന്നത് സൂര്യനിൽ നിന്നുള്ള അകലത്തെ കുറിക്കുന്ന ശാസ്ത്രീയ സംജ്ഞയാണ്. ഭൂമിയിൽ നിന്ന് 1490 ലക്ഷം കിലോമീറ്റർ അകലെയാണ് സൂര്യൻ. ചന്ദ്രൻ 3.84 ലക്ഷം കിലോമീറ്റർ അകലെയും. ആദിത്യ ഉപഗ്രഹം ഭൂമിയിൽ നിന്ന് 15 ലക്ഷം കി.മീ അകലെ വരെ പോയി ചന്ദ്രനെ പഠിക്കും.സൂര്യനിൽ നിന്ന് ഭൂമി നിൽക്കുന്ന വലയം കഴിഞ്ഞാൽ തൊട്ടടുത്തുള്ള വലയമാണ് എൽ 1. വരുന്ന വർഷം ഇതിന്റെ പദ്ധതികൾ പൂർത്തിയാകും.
ഐ.എസ്.ആർ.ഒ വിജയ ദൗത്യങ്ങളിൽ ചിലത്
* 1975 ഏപ്രിൽ 19ന് ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.
*1980 ജൂലൈ 18ന് ആദ്യമായി ഇന്ത്യൻ നിർമിത വിക്ഷേപണ വാഹനമായ എസ്.എൽ.വി 3 ഉപയോഗിച്ച് കൃത്രിമോപഗ്രഹമായ രോഹിണി വിക്ഷേപിച്ചു.
*1992 മേയ് 20ന് ഓഗ്മെന്റഡ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എ.എസ്.എൽ.വി), ഇൻസാറ്റ് 2എ എന്നിവ വിക്ഷേപിച്ചു.
* 2008 ഒക്ടോബർ 22 ന് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. ഇന്ത്യയ്ക്ക പുറമേ യു.എസ്.എ, യു.കെ, ജർമനി, സ്വീഡൻ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ ഉപകരണങ്ങളുമായിട്ടായിരുന്നു ചന്ദ്രയാൻ ഒന്നിന്റെ യാത്ര.
* 2012 സെപ്റ്റംബർ 9 ന് ഐ.എസ്.ആർ.ഒയുടെ നൂറാം ബഹിരാകാശ ദൗത്യം പി.എസ്.എൽ.വി സി 21 റോക്കറ്റിന്റെ സഹായത്തോടെ നടന്നു.
* 2013 നവംബർ 5ന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗൾയാൻ (മാഴ്സ് ഓർബിറ്റർ മിഷൻ) വിക്ഷേപിച്ചു. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. അങ്ങനെ ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
* 2015 ഫെബ്രുവരി 15 ന് പി.എസ്.എൽ.വി- സി 37 റോക്കറ്റ് ഉപയോഗിച്ച് ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
*2017 ജൂൺ 5ന് ഐ.എസ്.ആർ.ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് 3 (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് 3) ഉപയോഗിച്ച് ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 19 വിക്ഷേപിച്ചു.
* 2018 നവംബർ 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് 3423 കിലോഗ്രാം ഭാരമുള്ള ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഉപഗ്രഹത്തെ വിക്ഷേപിച്ചു.
ഇന്ത്യയുടെ സ്വന്തം
സ്പെയ്സ് ഷട്ടിൽ
സ്പെയ്സ് ഷട്ടിൽ പദ്ധതി2016 മെയ് 23- നാണ് ഇന്ത്യയുടെ സ്വന്തം സ്പെയ്സ് ഷട്ടിൽ പരീക്ഷണങ്ങൾക്ക് ഐ.എസ്.ആർ.ഒ തുടക്കമിട്ടത്. 3.5 മീറ്റർ വീതിയുള്ള ചിറകുകളും 6.5 മീറ്റർ നീളവുമുള്ള സ്പെയ്സ് ഷട്ടിലിന് 1750 കിലോഗ്രാം ഭാരമുണ്ട്. 11മീറ്റർ നീളമുള്ള രണ്ട് ഖരഇന്ധന ബൂസ്റ്ററും ഇതിനൊപ്പമുണ്ടാകും.ആദ്യബൂസ്റ്റർ 33 കിലോമീറ്റർ വരെയും രണ്ടാമത്തേത് 65 കിലോമീറ്റർ ഉയരത്തിലും എരിച്ചുകൊണ്ട് ഷട്ടിലിനെ നൂറ് കിലോമീറ്റർ ഉയരത്തിലെ ബഹിരാകാശത്തെത്തിക്കും. ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിലാകും കുതിപ്പ്. തിരിച്ചിറങ്ങുമ്പോൾ ശബ്ദത്തെക്കാൾ നാലിരട്ടി വേഗമുണ്ടാകും. എങ്കിലും, അന്തരീക്ഷവുമായുള്ള ഘർഷണ താപസാധ്യതകുറയ്ക്കാൻ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ മാത്രമായിരിക്കും പ്രവേശിക്കുക.
നേട്ടങ്ങൾ
*ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാം
*മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമാകും.
*കൂടുതൽ വിക്ഷേപണങ്ങൾ അടിക്കടി നടത്താനാകും
അടുത്ത ഘട്ടങ്ങൾ
*ശബ്ദത്തെക്കാൾ വേഗത്തിൽ സ്വയം കുതിച്ച് ബഹിരാകാശത്തെത്തുന്നത്
*സ്വയം നിയന്ത്രിച്ച് തിരിച്ച് ഇറങ്ങുന്നത്
*ഭൂമിയിൽ നിന്നുള്ള വസ്തുവുമായി ബഹിരാകാശത്തുപോയി തിരിച്ചെത്തുന്നത്.
*അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്ത് പറക്കുന്ന സ്ക്രാംജെറ്റ് പരീക്ഷണം